താന്ത്രിക കാലത്തെ തവള ക്ഷേത്രം; വിചിത്രമായ വിശ്വാസങ്ങളും ചരിത്രവും

0
220

മരം, ജന്തുജീവജാലങ്ങള്‍, പ്രകൃതി തുടങ്ങിയവയെ എല്ലാം ആരാധന നടത്തിയിരുന്നവരാണ് ഭാരതീയര്‍. വളരെ വിചിത്രവും അപൂര്‍വവുമായ ആചാരങ്ങളും രീതികളും നമുക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭാരതത്തില്‍ ദൈവ സങ്കല്‍പം സങ്കീര്‍ണമായ വിഷയമാണ്.

വിശ്വാസങ്ങള്‍ക്കുള്ളില്‍ നിന്ന് ഉടലെടുക്കുന്ന ക്ഷേത്രാരാധനകള്‍ വിചിത്രതയ്‌ക്കൊപ്പം ചരിത്രവും സംസ്‌കാരവും സൂക്ഷിക്കാറുണ്ട്. അത്തരം ഒരു ക്ഷേത്രമാണ് ഉത്തര്‍പ്രപദേശിലെ ലക്നൗവിനു സമീപമുള്ള ലക്കിംപൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തവള ക്ഷേത്രം അഥവാ നര്‍മദേശ്വര്‍ ക്ഷേത്രം.

താന്ത്രിക വിദ്യകള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. താന്ത്രിക വിദ്യയില്‍ തവളയെ സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വിശ്വാസം താന്ത്രിക വിദ്യയുടെ പ്രചാരകരില്‍ നിലനിന്നിരുന്ന സമയത്താണ് തവള ക്ഷേത്രം പണിയപ്പെടുന്നത്. അതും 200 വര്‍ഷങ്ങള്‍ക്കു മുന്‍പ്.

പണ്ട് ഓയല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ക്ഷേത്രം. ശിവന്‍ മുഖ്യപ്രതിഷ്ഠയായതിനാല്‍ നര്‍മദേശ്വര്‍ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഒരിക്കല്‍ ഭക്ത് സിങ് എന്നുപേരായ രാജാവിന് തവളയുടെ അനുഗ്രഹമുണ്ടായെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസം.

അതിന്റെ രൂപകല്‍പ്പന തന്നെയാണ്, ഈ തവള ക്ഷേത്രത്തിന്റെ മുഖ്യാകര്‍ഷണം. മൊത്തത്തില്‍ ഒന്നു നോക്കിയാല്‍ ഒരു തവള അതിന്റെ പുറത്ത് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വഹിച്ചിരിക്കുന്ന രീതിയിലാണ് കാണാന്‍ കഴിയുക. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കാണുന്ന തവളയുടെ രൂപം ആരെയും ക്ഷേത്രത്തിനുള്ളിലേക്ക് ആകര്‍ഷിക്കും. തവളയുടെ രൂപത്തിന് പിന്നിലായാണ് ശിവന്റെ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്.

താന്ത്രികവിദ്യയനുസരിച്ച് പടികള്‍ക്കു മുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. എട്ടു ദളങ്ങളുള്ള താമരയുടെ രൂപവും ഇവിടെ കാണാന്‍ കഴിയും. കൂടാതെ ഇവിടുത്തെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത് കൊത്തുപണികള്‍ കൊണ്ടാണ്.