പടക്കനിരോധനം; സുപ്രീം കോടതി വിധിക്കെതിരെ ത്രിപുര ഗവര്‍ണര്‍

0
62

അഗര്‍ത്തല: ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്. ഇങ്ങനെപോയാല്‍ ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന് ഗവര്‍ണര്‍ തഥാഗത റോയ് തന്റെ ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനത്തെ അന്തരീക്ഷ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലി കാലത്ത് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഇപ്പോള്‍ പടക്കങ്ങള്‍ക്കാണ് നിരോധനമുണ്ടായിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി നാളെ ആരെങ്കിലും ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനെതിരെയും ഹര്‍ജി കൊടുത്തേക്കാം എന്നായിരുന്നു തഥാഗത റോയ് ട്വിറ്ററില്‍ കുറിച്ചത്. ഹിന്ദു സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ തനിക്ക് അതിയായ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ കടുത്ത വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതി വിധി. ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ ഉപയോഗം വലിയ തോതിലുള്ള മലിനീകരണത്തിന് കാരണമായിരുന്നു. മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് പടക്ക വില്‍പനയ്ക്ക് സുപ്രീം കോടതി ആദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. 2016 നവംബറിലായിരുന്നു നിരോധനം പ്രാബല്യത്തില്‍ വന്നത്. 2017 സെപ്തംബര്‍ വരെ നിരോധനം നിലനില്‍ക്കുകയും ചെയ്തു.

എന്നാല്‍ ഈ ദീപാവലി കാലത്ത് നിരോധനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും പരാതിയില്‍ കക്ഷി ചേര്‍ന്നു. പടക്ക വില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നവംബര്‍ വരെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മുതിര്‍ന്ന ബിജെപി നേതാവായിരുന്ന തഥാഗത റോയ് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ മുന്‍പും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ, റോഹിംഗ്യ അഭയാര്‍ഥികളെ ‘മാലിന്യം’ എന്ന് വിശേഷിപ്പിച്ചത് കടുത്ത വിര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.