പതഞ്ജലിക്ക് ഭൂമി ഏറ്റെടുക്കാന്‍ 46 ദശലക്ഷം ഡോളര്‍ അനധികൃത ഇളവ്

0
118

ന്യൂഡല്‍ഹി: പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന് ഭൂമി ഏറ്റെടുക്കുന്നതിനായി വഴിവിട്ട ആനുകൂല്യം നല്‍കിയതായി ആരോപണമുയരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16000 ഇരട്ടി ലാഭമുണ്ടായെന്ന വിവാദം കത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് ബിജെപിയുടെ സഹയാത്രികനായ ബാബാ രാംദേവിന് നല്‍കിയ ഇളവും വിവാദമാകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡും അതിലെ ട്രസ്റ്റുകളും ഭൂമി ഏറ്റെടുക്കുന്ന വകയില്‍ 46 ദശലക്ഷം ഡോളര്‍ ഇളവ് നേടിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാരുകളുടെ ഇതു സംബന്ധിച്ച രേഖകളും ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളും റിയല്‍ എസ്റ്റേറ്റ് കണക്കുകളും ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ രാംദേവിന് പ്രവേശിക്കാന്‍ നിയമ തടസ്സങ്ങളില്ലെന്നും ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യാം എന്ന രീതിയിലുള്ള ധാരണയായിരുന്നു രൂപപ്പെടുത്തിയിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പതഞ്ജലി നേടിയത് ഏകദേശം 2,000 ഏക്കറോളം ഭൂമിയാണ്. ഫാക്ടറികള്‍ നിര്‍മ്മിക്കാനും ഗവേഷണ ശാലകള്‍ക്കും വേണ്ടിയും ആയുര്‍വേദ മരുന്നുകളുടെ വിതരണ ശൃംഖലകള്‍ക്കും വേണ്ടിയുമാണ് ഇത്രയും ഏക്കര്‍ ഭൂമി വഴിവിട്ട് നല്‍കിയത്.

വിപണി വിലയേക്കാള്‍ 77% കുറഞ്ഞ വിലയ്ക്കാണ് ഇവിടങ്ങളില്‍ രാംദേവ് ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം പതഞ്ജലി 40 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത് 88% ഇളവിലൂടെയാണ്. ഇളവ് ഏകദേശം 10 മില്യണ്‍ ഡോളറിലധികം വരും. മഹാരാഷ്ട്രയില്‍ സ്‌പെഷ്യല്‍ എകണോമിക് സോണിനോട് ചേര്‍ന്നുള്ള 234 ഏക്കര്‍ ഭൂമി കൈക്കലാക്കിയത് വെറും 590 മില്യണ്‍ രൂപക്കാണ്. വിപണി വിലയില്‍ ഏകദേശം 2.6 ബില്യണ്‍ വിലയാണ് ഈ ഭൂമിക്കുള്ളത്. ഇതിന് പുറമേ അസമിലെ കിഴക്കന്‍ പ്രദേശത്ത് 1200 ഏക്കര്‍ ഭൂമി സൗജന്യമായി പതഞ്ജലിക്ക് അനുവദിച്ചു. ഉത്തര്‍ പ്രദേശില്‍ പതഞ്ജലിക്ക് 300 ഏക്കര്‍ ഭൂമി അനധികൃതമായി അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി സര്‍ക്കാര്‍ വന്നതിന് ശേഷം രാംദേവിന്റെ ബിസിനസില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. 2013 സാമ്പത്തിക വര്‍ഷത്തില്‍ 156 മില്യണായിരുന്നു കമ്പനിയുടെ വരുമാനം. എന്നാല്‍ 2015 മാര്‍ച്ച് ആയതോടെ ഇത് 322 മില്യണ്‍ ഡോളര്‍ ആയി. മെയ് മാസത്തോടെ വരുമാനം 1.6 ബില്യണ്‍ ഡോളര്‍ ആയി വീണ്ടും ഉയര്‍ന്നു. ഇന്ത്യന്‍ വിപണിയില്‍ ഹിന്ദുസ്ഥാന്‍ യൂനിലിവറിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് പതഞ്ജലി. ഐടിസി, നെസ്ലേ, ഗോദ്‌റജ്, ഡാബര്‍, ടാറ്റ എന്നീ കമ്പനികളാണ് പതഞ്ജലിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ പിന്തള്ളപ്പെട്ടത്.
പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കേയാണ് പുതിയ ഭൂമി വിവാദം.