ന്യൂഡല്‍ഹി: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേര്‍ ചെയര്‍മാനാകുന്നത്. വിവാദങ്ങള്‍ നിറഞ്ഞ ഒരു ഭരണമായിരുന്നു ഗജേന്ദ്ര ചൗഹാന്റേത്. ചൗഹാന്റെ രണ്ടു വര്‍ഷത്തെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീയും പത്മഭൂഷനും നല്കിയ ആദരിച്ചതായിരുന്നു അനുപം ഖേര്‍. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന് ലഭിച്ച ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം, ഗോള്‍ഡണ്‍ ലയണ്‍, സില്‍വര്‍ ലൈനിങ്സ് പ്ലേബുക്ക് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കാശ്മീരില്‍ ജനിച്ചു വളര്‍ന്ന അനുപം ഖേര്‍ കോമഡിയും സ്വഭാവവേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ മികവുറ്റതാക്കിത്തീര്ത്തു. സൗധാഗര്, ഡര്, ഡാഡി, ഹം ആപ്കെ ഹൈ കോന്‍, ചാഹട്ട്, സ്പെഷ്യല്‍ 26, രാം ലഖന്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ പ്രണയത്തിലും മികവുറ്റൊരു വേഷം ചെയ്തു.
എന്‍.ഡി.എ സര്‍ക്കാര്‍ വലിയ സിനിമാ പാരമ്പര്യമില്ലാത്ത ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ചൗഹാനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് 139 ദിവസം വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു.
ഇതുപോലെ കടുത്ത നടപടികള്‍ കൊണ്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പഹലജ് നിഹലാനിയെയും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നീക്കിയിരുന്നു.
ചാണ്ഡീഗഡില്‍ നിന്നുള്ള ബി.ജെ.പി. എം.പി.യായ കിരണ്‍ ഖേറാണ് ഭാര്യ.