മോദിയുടേത് ഭ്രാന്ത് പിടിച്ച വികസനമെന്ന് രാഹുല്‍ ഗാന്ധി

0
56

ഉദയ്പുര്‍: നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി അവകാശപ്പെടുന്ന വികസന പദ്ധതികള്‍ ടിവിയില്‍ കാണുന്ന സ്വപ്നം പോലെയാണെന്ന് രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശന പരിപാടിയായ നവ്സര്‍ജന്‍ യാത്രയുടെ ഭാഗമായി ദേവ്ഘഡ് ബാറിയയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയെയും ബിജെപിയെയും രാഹുല്‍ നിശിതമായി വിമര്‍ശിച്ചത്.

പ്രധാനമന്ത്രിയും അമിത് ഷായും ഗുജറാത്തില്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്നത് ഭ്രാന്ത് പിടിച്ച വികസനമാണെന്ന് രാഹുല്‍ പറഞ്ഞു. വികസനത്തിന് വട്ടായി എന്നത് വെറും ട്വിറ്റര്‍ ഹാഷ്ടാഗ് മാത്രമല്ല. മറിച്ച് രാഷ്ട്രീയ മുദ്രാവാക്യമായി മാറിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടാതെ കഴിഞ്ഞ നവംബര്‍ എട്ടിന് മോദി നോട്ട് അസാധുവാക്കി. എല്ലാ കള്ളപ്പണവും വെളുപ്പിക്കാനുള്ള സഹായമായിരുന്നു അത്. ഇതിന് പിന്നാലെ സ്വന്തം ഇഷ്ടപ്രകാരം ജിഎസ്ടി നടപ്പാക്കി. ഇതിന്റെ പരിണിത ഫലം ചെറുകിട വ്യവസായികളാണ് അനുഭവിക്കുന്നത്. ഇതിന് പുറമെ 30 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായതായും രാഹുല്‍ ആരോപിച്ചു.

അടിസ്ഥാന വികസനം, സ്ത്രീ സുരക്ഷ തുടങ്ങിയ മേഖലകളിലും നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസനവും സ്‌കൂളിലെ അധ്യാപകരുടെ അഭാവം പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്ന് അവകാശപ്പെടുന്ന നടപടികളെയും രാഹുല്‍ ചോദ്യം ചെയ്തു. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുലിന്റെ യാത്ര.