ആരോഗ്യം, വൃത്തി, പോഷകാഹാരം എന്നിവയെ പറ്റി മറ്റൊരാള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനെ കഴിയൂ. അതുകൊണ്ടാണ് ഒരു സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിന് വിദ്യാഭ്യാസം ആവശ്യമാകുന്നതും.
ദാരിദ്ര്യം, പട്ടിണി, അസമത്വം എന്നിവ തുടച്ച് നീക്കാന്‍ ഐക്യരാഷ്ട്രസഭ നിര്‍ണയിച്ചിരിക്കുന്ന പോംവഴിയാണ് സുസ്ഥിരവികസന ലക്ഷ്യങ്ങള്‍. വികസനപ്രക്രിയയ്ക്ക് കൈത്താങ്ങാകാന്‍ വിദ്യാഭ്യാസത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഝാര്‍ഖണ്ഡിലെ ഇലാമി ഗ്രാമത്തില്‍ പ്രായഭേദമന്യേ ഏവര്‍ക്കും വിദ്യാഭ്യാസം നല്കാന് തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിസ്ഫിക്വാ ഹുസൈന്റെ നേതൃത്വത്തിലാണ് ഈ ആശയം നടപ്പിലാക്കി വരുന്നത്. ഝാര്ണ്ഡിന്റെ ഭൂപടത്തില്‍ തന്നെ സമ്പൂര്‍ണ വികസിത പഞ്ചായത്ത് ആയി ഇലാമി മാറണമെന്നാണ് ഇവരുടെ ലക്ഷ്യം.
27ാം വയസ്സിലാണ് മിസ്ഫിക്വായോട് ഗ്രാമത്തിലെ സ്ത്രീകള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥി ആകാന്‍ ആവശ്യപ്പെട്ടത്. ഗ്രാമത്തിലെ സ്ത്രീകളെല്ലാം പഠിക്കാന്‍ തയാറായാല്‍ താന്‍ തെരഞ്ഞെടുപ്പിന് നില്‍ക്കാമെന്ന് മിസ്ഫിക്വാ പറഞ്ഞു. ബയോടെക്നോളജിയിലും മോളിക്യുലാര്‍ മെഡിസിനിലും വിദഗ്ധയായ മിസ്ഫിക്വാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തി വന്ന ഗവേഷണം പാതി വഴിയില്‍ ഉപേക്ഷിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആയി രണ്ട് വര്‍ഷത്തിന് ശേഷം മിസ്ഫിക്വാ 4 വയസ് മുതല്‍ 70 വയസ് വരെയുള്ള സ്ത്രീകളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
”തദ്ദേശഭരണപരിപാടികള് വിജയം കണ്ടാല്‍ അത് ഒരു പ്രദേശത്തെ വികസനത്തെ വിജയകരമാക്കും. അങ്ങനെ തുടരുമ്പോള്‍ ഏറ്റവുമൊടുവില്‍ ദേശീയ തലം എന്ന വലിയ ചട്ടക്കൂടില്‍ വികസനം കൈവരിക്കാനാകും.” ഗ്രാമവാസികളോടായി അവരുടെ യുവനേതാവ് സംസാരിക്കുന്നു.
‘ എസ്ഡിജികളുടെ ദീര്ഘദൂരഫലങ്ങള് സാധാരണ ഗ്രാമീണജനങ്ങള്‍ക്ക് ഗ്രഹിക്കാനാകില്ല. സര്‍ക്കാരുകള്‍ പോലും വിവിധ ഉപായങ്ങളാണ് എസ്ഡിജി കൈവരിക്കാന്‍ ഉപയോഗിക്കുന്നത്. ‘
ദാരിദ്രരേഖയ്ക്ക് താഴെയുള്ള നിരക്ഷരനായ ഒരാള്‍ക്ക് എങ്ങനെ ശൗചാലയങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പ്രസവത്തിനായി ആശുപത്രികളില്‍ കൊണ്ടുപോകേണ്ടതിനെ പറ്റിയും മനസ്സിലാക്കാന്‍ കഴിയും.
‘ ഇലാമി പഞ്ചായത്തിലെ 70 ശതമാനം ആളുകളും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണ്. 50 ശതമാനം ആളുകള്‍ നിരക്ഷരരും. അതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസമാണ് ഇവിടെ വേണ്ടത്. വികസനത്തിനായുള്ള ആദ്യ പടിയും അത് തന്നെയാണ്. അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമായാല്‍ പിന്നെ അവര്‍ നമ്മള് പറയുന്ന കാര്യങ്ങള്‍ മാനസ്സിലാക്കിയെടുക്കും.’ മിസ്ഫിക്വാ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ആയതിന് ശേഷം മിസ്ഫിക്വാ രാത്രികാല ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. മെഹറൂനിസ എന്ന സ്ത്രീയാണ് ആദ്യമായി ക്ലാസിന് വന്നു തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്ത് നിന്നും പാഠങ്ങള്‍ പഠിക്കുക എന്നത് ആദ്യം ഗ്രാമീണരില്‍ ഭയമുണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ എന്തിനാണ് പഠിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ മനസിലാക്കുന്നുണ്ട്. ക്ലാസില്‍ അക്ഷരങ്ങളല്ല പഠിപ്പിക്കുന്നത്, പകരം നല്ല നാളേക്കായി എങ്ങനെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാമെന്നാണ്. അതായത്, ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് നല്‍കേണ്ട പരിചരണം, അമ്മയ്ക്കും കുഞ്ഞിനും പോഷകാഹാരം നല്‍കേണ്ടതിന്റെ ആവശ്യകത, കുട്ടികള്‍ക്കായുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ വിഷയം.
രാത്രികാല ക്ലാസുകളില്‍ വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളും ക്ലാസുകള്‍ എടുക്കാറുണ്ട്. ആരോഗ്യപരമായ ശീലങ്ങളെക്കുറിച്ചും ആര്ത്തവകാലഘട്ടങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരായും ഇവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസിലാക്കും.
വികസനത്തിനായുള്ള എല്ലാ ചുവടുവെയ്പുകളും ആരോഗ്യകരമായ ഒരു ജീവിത്തിലേക്ക് നയിക്കുന്നുവെന്ന് ഇലാമിയിലെ ഗ്രാമീണര്‍ക്ക് മനസിലാകുന്നുണ്ട്. രാത്രികാല ക്ലാസുകളില്‍ അവര്‍ കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം, വയലുകളില്‍ ഉപയോഗിക്കുന്ന രാസവളങ്ങള്‍ ജലാശയങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നിവയെക്കുറിച്ചും അവര്‍ തുറന്ന ആശയപ്രകടനങ്ങളും സംവാദങ്ങളും നടത്തി. ഇത് ജൈവവളം ഉപയോഗിച്ച് നെല്ല് കൃഷി വര്‍ദ്ധിപ്പിക്കാന്‍ ഇവരെ പ്രേരിപ്പിച്ചു. ജലാശയങ്ങള്‍ വൃത്തിയാക്കുകയും മീന്‍ വളര്‍ത്തല്‍ ആരംഭിക്കുകയും ചെയ്തു.
‘പഞ്ചായത്ത് തലത്തിലാണെങ്കിലും ഞങ്ങള്‍ ശരിയായ വിത്ത് വിതച്ചിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ വിജയകരമായി എസ്ഡിജി കൈവരിക്കും. അത് തന്നെ ഒരു ഗവേഷണ കണ്ടെത്തല്‍ ആകും. ‘ ശുഭാപ്തി വിശ്വാസത്തോടെ മിസ്ഫിക്വ തന്റെ ഗ്രാമത്തെ പ്രതീക്ഷയോടെ കാണുന്നു.