ക്വിറ്റോ; ലോകമാകെയുള്ള ആരാധകരുടെ പ്രതീക്ഷ നിറവേറ്റി ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസി ഫോമിലേക്കുയര്ന്നപ്പോല് നഷ്ടപ്പെട്ടെന്നു കരുതിയ കളിയില്‍ അര്‍ജന്റീനയ്ക്ക് നിര്‍ണായക ജയം. ഇതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ മുന്‍ ലോകചാംപ്യന്മാരായ അര്‍ജന്റീന യോഗ്യത നേടി.
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1ന് മുട്ടുകുത്തിച്ചാണ് അര്‍ജന്റീനയുടെ ഉയിര്ത്തെഴുന്നേല്പ്. കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ അര്‍ജന്റീന, മെസിയുടെ ഹാട്രിക് ഗോളിന്റെ തിളക്കത്തിലാണ് വിജയം സ്വന്തമാക്കിയത്.ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ടു നിന്ന അര്‍ജന്റീന രണ്ടാം പകുതിയില്‍ ഒരുവട്ടം വട്ടംകൂടി ഇക്വഡോര്‍ വലകുലുക്കിയപ്പോള്‍ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ ആഹ്ലാദാരവങ്ങള്‍ മുഴങ്ങി.
ഒരു തോല്‍വി, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു സമനില പോലും ആത്മഹത്യാപരമാകുമായിരുന്ന നിര്‍ണായക മത്സരത്തിന്റെ 11, 18, 62 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളുകള്‍. ഇതോടെ ലോകകപ്പ് യോഗ്യതാ ഫുട്ബോളിന്റെ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ ആദ്യമായി ഇരുപത് ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതി അഞ്ചു തവണ ബാലണ്‍ ദ്യോര്‍ കരസ്ഥമാക്കിയ മെസ്സിക്ക് സ്വന്തമായി.