വേങ്ങരയില്‍ പോളിങ് ശതമാനം 70 കടന്നു; വിജയ പ്രതീക്ഷയില്‍ ഇരു മുന്നണികളും

0
54

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വോട്ടിംഗ്. പോളിങ് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോല്‍ 70 ശതമാനം പേര്‍ വോട്ട് ചെയ്തതായി കണക്കാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വേങ്ങര മണ്ഡലത്തില്‍പ്പെട്ട എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു പോളിങ്.

വൈകിട്ട് ആറുവരെയായിരുന്നു വോട്ടു ചെയ്യാന്‍ അവസരം. ആകെ 165 പോളിങ് ബൂത്തുകളാണ് വോട്ടിങ്ങിനായി തയാറാക്കിരുന്നത്.

ആര്‍ക്കാണു വോട്ടു ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്ന വിവിപാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിരുന്നിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത വോട്ടര്‍ക്ക് തന്നെ സ്ഥിരീകരിക്കാവുന്ന ഈ സംവിധാനം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും വേങ്ങര തിരഞ്ഞെടുപ്പിനുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ രാവിലെതന്നെ കുടുംബവുമായെത്തി വോട്ട് രേഖപ്പെടുത്തി. എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം ജിയുപി സ്‌കൂളിലായിരുന്നു ബഷീറിനും കുടുംബത്തിനും വോട്ട്.
മണ്ഡലത്തില്‍ വോട്ടില്ലെങ്കിലും ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറും ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രനും മിക്ക ബൂത്തുകളിലും എത്തിയിരുന്നു.

രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ള വേങ്ങരയില്‍ 1.7 ലക്ഷം വോട്ടര്‍മാരാണുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്‌ട്രോങ് റൂമിലെത്തിക്കും. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ പി.കെ.കുഞ്ഞാലിക്കുട്ടി 40,259 വോട്ടുകളുടെ ഭൂരിപക്ഷമാണു നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് ഭൂരിപക്ഷം 38,057. ഈ ഭൂരിപക്ഷത്തിലേക്കെത്താന്‍ ഖാദറിനു കഴിയുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ നേടിയ 34,124 വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഉറപ്പാണെന്ന് എല്‍ഡിഎഫ് പറയുന്നു (ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വോട്ട് കുറഞ്ഞിരുന്നു: 33,275). അട്ടിമറിയാണ് എല്‍ഡിഎഫ് ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ 7,055 വോട്ടുകള്‍ താമരയിലൊതുക്കിയ ബിജെപിക്ക് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞു 5,952. കഴിഞ്ഞ തവണ 3,049 വോട്ട് നേടിയ എസ്ഡിപിഐയും നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.

വേങ്ങര മണ്ഡലത്തില്‍ ആകെ ആറു പഞ്ചായത്തുകളാണുള്ളത്. 6 ആകെ വോട്ടര്‍മാര്‍ 1,70,190 പുരുഷന്‍മാര്‍ 87,748 സ്ത്രീകള്‍ 82,258 പ്രവാസി വോട്ടര്‍മാര്‍ 178 സര്‍വീസ് വോട്ടുകള്‍ 6 പോളിങ് ബൂത്തുകള്‍ 165
കെ.എന്‍.എ.ഖാദര്‍ (യുഡിഎഫ്), പി.പി.ബഷീര്‍ (എല്‍ഡിഎഫ്), കെ.ജനചന്ദ്രന്‍ (എന്‍ഡിഎ), കെ.സി.നസീര്‍ (എസ്ഡിപിഐ), ഹംസ കറുമണ്ണില്‍ (സ്വതന്ത്രന്‍), ശ്രീനിവാസ് (സ്വതന്ത്രന്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.