തിരുവനന്തപുരം: സോളാര്‍ കേസില്‍ വൈകിയാണെങ്കിലും നീതി ലഭിച്ചെന്ന് സരിത നായര്‍. സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരിത പറഞ്ഞു.
സരിതയെ ലൈംഗികമായി ഉപയോഗിച്ചതും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കേസ് അന്വേഷിക്കാനാണ് സോളാര്‍ കമ്മീഷന്റെ ശുപാര്‍ശ. നിരവധി നേതാക്കള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് സരിത ആരോപണമുയര്‍ത്തുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി സോളാര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു.
സരിതയുടെ കത്തില്‍ പറയുന്ന വ്യക്തികള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്, ജോസ് കെ. മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എ.ഡി.ജി.പി കെ.പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രഹ്മണ്യം തുടങ്ങിയവരുടെ പേരുകളാണ് കത്തിലുള്ളത്.