സംസ്ഥാന ആന്‍റിബയോട്ടിക് നയം ജനുവരിയില്‍ നടപ്പാക്കും

0
75

തിരുവനന്തപുരം: സംസ്ഥാന ആന്‍റിബയോട്ടിക് നയം 2018 ജനുവരിയില്‍ നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആന്‍റിബയോട്ടിക് പ്രതിരോധം നേരിടാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികള്‍ എടുത്തു വരികയാണ്.ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണുള്ളത്.

ആന്‍റിബയോട്ടിക്ക്കുകളുടെ അമിത ഉപയോഗം കാരണം ശരീരത്തിന്‍റെ സ്വാഭാവികമായുള്ള പ്രതിരോധശേഷി കുറയുന്നതായുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.

ആശുപത്രികളില്‍ രോഗങ്ങള്‍ പകരുന്നത് പരിശോധിക്കാന്‍ എല്ലാ ആശുപത്രികളിലും പ്രത്യേകം ആന്‍റീ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളില്‍ ഉപയോഗിക്കേണ്ട ആന്‍റീബയോട്ടിക്കുകള്‍ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനാവശ്യ മരുന്നുകളുടെ അമിത ഉപയോഗം കാരണം രോഗങ്ങള്‍ നിയന്ത്രിക്കുന്ന ശരീരത്തിലെ മറ്റു ബാക്ടീരിയകളും നശിക്കുകയാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് നല്‍കുന്നതും അപകടകരമാണ്.

ഇതു സംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോഴി വളര്‍ത്തു മേഖലയിലും ക്ഷീരകര്‍ഷകര്‍ക്കും ശില്‍പ്പശാല നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.