സോളാര്‍: ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ വിജിലന്‍സ് കേസ്

0
54


തിരുവനന്തപുരം:സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന ഉത്തരവാദികളാണ്. ജനങ്ങളെ കബിളിപ്പിക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങി. ഉമ്മന്‍ചാണ്ടിയും അദ്ദേഹം മുഖേന ടെന്നി ജോപ്പന്‍, ജിക്കു, സലിംരാജ്, കുരുവിള എന്നിവര്‍ സോളാര്‍ കമ്പനിയെയും സരിതയെയും വഴിവിട്ട് സഹായിച്ചു. സരിതയില്‍ നിന്നും പ്രതികള്‍ വലിയ തുകകള്‍ കൈക്കൂലിയായി വാങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെയും മറ്റുള്ളവരെയും ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കി രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. ഇതിനായി അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി സോളാര്‍ കമ്പനിയെ സഹായിച്ച വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും അഴിമതിക്ക് കൂട്ടുനിന്നതായി വ്യക്തമായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നെന്നും അന്വേഷണ പരിധിയില്‍ കൊണ്ടുവരാതെ മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും  പിണറായി പറഞ്ഞു. കൂടാതെ പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായും പ്രധാനപ്പെട്ട രേഖകള്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി അന്വേഷണം നടത്താന്‍ കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സരിതയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന പദ്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.