സോളാര്‍ റിപ്പോര്‍ട്ട് സിപിഎം വജ്രായുധം; മറുമരുന്നില്ലാതെ കോണ്‍ഗ്രസ്

0
96

തിരുവനന്തപുരം: സോളാര്‍ കേസ് സിപിഎമ്മിന്റെ കയ്യിലെ വജ്രായുധമായി മാറുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ അഴിമതിയും, അതിലെ മുഖ്യപ്രതിയായ സരിതാ നായര്‍ ഉയര്‍ത്തിയ ലൈംഗികാപവാദ ആരോപണങ്ങളും ഇപ്പോള്‍ ശക്തമായ രാഷ്ട്രീയ ആയുധമായി സിപിഎം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന ഇതേ ദിവസമാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തു വിട്ടു വന്‍ രാഷ്ട്രീയ പ്രകമ്പനങ്ങള്‍ക്ക് സിപിഎം വഴിമരുന്നിട്ടിരിക്കുന്നത്. ഉമ്മന്‍‌ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളാണ് പ്രതിപ്പട്ടികയില്‍ എന്നതിനാല്‍ യുഡിഎഫ് രാഷ്ട്രീയമായി വിയര്‍ക്കുക തന്നെ ചെയ്യും.

ലൈംഗികാപവാദകേസുകള്‍ കൂടി അന്വേഷിക്കേണ്ടി വരുമ്പോള്‍ യുഡിഎഫ് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചാടും. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ അഴിമതിയും, സരിതയുടെ ലൈംഗികാ ആരോപണങ്ങളും വേങ്ങര ഉപതിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നുറപ്പാണ്.

വേങ്ങര വോട്ടെടുപ്പ് തുടങ്ങി രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്ത് വിട്ടു. വേങ്ങര തിരിച്ചടിയും, രാഷ്ട്രീയ തിരിച്ചടിയും ഒപ്പം യുഡിഎഫിനു നേരിടേണ്ടി വന്നിരിക്കുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെയുള്ള വിജിലന്‍സ് അന്വേഷണം വരുമ്പോള്‍ ഒപ്പം  അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും കുടുങ്ങുകയാണ്. മുഖ്യമന്ത്രിയെ സോളാര്‍ കേസില്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനു തിരുവഞ്ചൂരിനു നേരെ ക്രിമിനല്‍ കേസ് ആണ് വരുന്നത്.

ഉമ്മൻ ചാണ്ടിക്കെതിരായ വിജിലൻസ് കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിലെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെയും വിജിലൻസ് കേസെടുക്കും. ഉമ്മൻ ചാണ്ടി നേരിട്ടും മറ്റുള്ളവർ മുഖേനെയും സരിതയിൽനിന്നു കൈക്കൂലി വാങ്ങിയിട്ടുണ്ട്-റിപ്പോര്‍ട്ട് പറയുന്നു.

ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻ ചാണ്ടിയും അദ്ദേഹം മുഖേന പഴ്സനൽ സ്റ്റാഫും ടീം സോളറിനെയും സരിതാ എസ് നായരെയും സഹായിച്ചു. ഐജി: പത്മകുമാർ, ഡിവൈഎസ്പി ഹരികൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കും.

പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹി അജിത്തിനെതിരെയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനമുണ്ട്. കോൺഗ്രസ് നേതാക്കളായ തമ്പാനൂർ രവിയും ബെന്നി ബെഹനാനും ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ഇവർക്കുമെതിരെയും കേസെടുക്കും.

സരിതയുടെ കത്തിൽ പേരു പറഞ്ഞിരിക്കുന്ന  നേതാക്കൾക്കെതിരെ മാനഭംഗത്തിനും കേസെടുക്കും. തീരുമാനങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.

ഇനി നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങും. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സോളാര്‍ ജ്വലിച്ചു തുടങ്ങുകയാണ്. അതിന്റെ അലയൊലികള്‍ വരും ദിനങ്ങളില്‍ കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ചേക്കും.