18 വയസ്സിനുതാഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാംത്സംഗം: സുപ്രീം കോടതി

0
46


ന്യൂഡല്‍ഹി: 18 വയസ്സിനുതാഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാംത്സംഗകുറ്റമെന്ന് സുപ്രീം കോടതി. ഇതോടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 375 പ്രകാരം 15നും 18നും ഇടയില്‍ പ്രപായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലൈന്ന വ്യവസ്ഥ അസാധുവായി. രംണ്ടംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം. ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ചരിത്രവിധി.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍ 15നും 18 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

എന്നാല്‍ വിവാഹബന്ധത്തിലെ ബലാത്സംഗ(മാരിറ്റല്‍ റേപ്പ്) വിഷയത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. 18 വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കാം- കോടതി നിരീക്ഷിച്ചു.

18 വയസ് പൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കുന്ന വകുപ്പ് പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 14,15,21 വകുപ്പുകള്‍ ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണിതെന്നും കോടതി പറഞ്ഞു.

15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വിവാഹം എന്ന സംവിധാനത്തിന്റെ നിലനില്‍പിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം ഇങ്ങനെ നിലപാട് കൈക്കൊണ്ടത്. വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത്തരം വിവാഹത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ശൈശവ വിവാഹങ്ങള്‍ നിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോടും കോടതി നിര്‍ദ്ദേശിച്ചു. അക്ഷയ തൃതീയ പോലുള്ള ചടങ്ങുകളോട് അനുബന്ധിച്ചാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ കൂട്ടത്തോടെ വിവാഹിതരാവുന്നതെന്നും കോടതി വിലയിരുത്തി.