ആണവായുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഉത്തരകൊറിയ

0
41

മോസ്‌കോ: ആണവായുധ പരീക്ഷണം ഒരിക്കലും നിര്‍ത്തില്ലെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ. കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിലേക്ക് അടുപ്പിക്കുന്നത്. ചര്‍ച്ചയ്ക്കു തങ്ങള്‍ തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതല്‍ തീരുമാനങ്ങളിലേക്കെത്താന്‍ സാധിക്കൂയെന്നും മന്ത്രി പറഞ്ഞു.

കൊറിയന്‍ രാജ്യത്തിന്റെ നിലനില്‍പ്പും വികസനവും ആണവായുധങ്ങള്‍ ബന്ധപ്പെട്ടാണു കിടക്കുന്നതെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അവ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഉത്തര കൊറിയയ്ക്കുമേല്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയത് അമേരിക്കയുടെ വിരോധത്തിന്റെ ഫലമാണ്. യുഎസിനൊപ്പം എത്തിച്ചേരുകയെന്ന ലക്ഷ്യത്തിലേക്ക് ഉത്തര കൊറിയ അടുത്തുകൊണ്ടിരിക്കുകയാണെന്നും റി യോങ് വ്യക്തമാക്കി.

ലോകം ദുഷ്ടശക്തികളില്‍ നിന്നു വലിയ ഭീഷണിയാണു നേരിടുന്നതെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുക്കണമെന്നുമാണു യുഎന്നിലെ പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടത്. ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളാണു ലോകത്തിനു ഭീഷണി സൃഷ്ടിക്കുന്നത്. ആണവായുധങ്ങളുള്ള രാജ്യങ്ങളും ഭീകരരുമാണ് ലോകം നേരിടുന്ന വെല്ലുവിളി. ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിക്കും. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.