ആരുഷി തല്‍വാര്‍: മാതാപിതാക്കളുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

0
54

ലഖ്‌നൗ: വിവാദമായ ആരുഷി തല്‍വാര്‍ കൊലപാതകക്കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അപ്പീലില്‍ ഇന്നു ഹൈക്കോടതി വിധി പറയും.

നാലുവര്‍ഷത്തിന് ശേഷമാണ് ആരുഷി കേസില്‍ അപ്പീലില്‍ വിധി വരുന്നത്. ഗാസിയബാദ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി വരുന്നത്.

ആരുഷിയുടെ മാതാപിതാക്കള്‍ തന്നെ പ്രതികളായ കേസിന്റെ വിധി ഏറെ നിര്‍ണ്ണായകമായി മാറും. ജസ്റ്റിസ് ബികെ നാരായണ, ജസ്റ്റിസ് എകെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

2013 നവംബറില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നുപുര്‍ തല്‍വാറിനും ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

ഇതിനെതിരെ ഇവര്‍ നല്‍കിയ അപ്പീലിലാണ് വിധി വരുന്നത്. നോയിഡയില്‍ 2008 മെയ് മാസമാണ് പതിനാലു വയസ്സുകാരി ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തലയ്‌ക്കേറ്റ ക്ഷതവും കഴുത്ത് ഞെരിച്ച പാടുകളും മൃതദേഹത്തില്‍ പ്രകടമായിരുന്നു. വീട്ടുജോലിക്കാരന്‍ ഹേംരാജിനെയാണ് കേസില്‍ സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്ന് കണ്ടെത്തി.

ആരുഷിയുടെയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കണ്ട മാതാപിതാക്കള്‍ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്നായിരുന്നു സിബിഐ കണ്ടെത്തല്‍.

എന്നാല്‍ തല്‍വാര്‍ കുടുംബം കുറ്റക്കാരല്ലെന്നും , സാഹചര്യത്തെളിവുകള്‍ മാത്രമാണ്  അടിസ്ഥാനം എന്നാണു പ്രതിഭാഗ വാദം.