കോഴിക്കോട്: 2017 ലെ മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് പ്രശസ്ത നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു അര്‍ഹനായി. മലയാള സാഹിതിക്ക് അദ്ദേഹം നല്കിയ സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം.
രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. വിഷ്ണു നാരായണന് നമ്പൂതിരി അധ്യക്ഷനും ഡോ. എം. ലീലാവതി, സി. രാധകൃഷ്ണന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് എം.കെ. സാനുവിനെ തിരഞ്ഞെടുത്തത്.
1928 ഒക്ടോബര്‍ 27-ന് ആലപ്പുഴ മംഗലത്ത് വീട്ടില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും പുത്രനായാണ് എം.കെ. സാനു ജനിച്ചത്. രത്നമ്മയാണ് ഭാര്യ. അഞ്ചു മക്കളുണ്ട്. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, നാരായണഗുരു സ്വാമി, മൃത്യുഞ്ജയം കാവ്യജീവിതം, സഹോദരന് അയ്യപ്പന്, കാറ്റും വെളിച്ചവും, ചക്രവാളം, രാജവീഥി, വിശ്വാസത്തിലേക്ക് വീണ്ടും, അമേരിക്കന്‍ സാഹിത്യം, പ്രഭാതദര്‍ശനം എന്നിവയാണ് പ്രധാന രചനകള്‍.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുളള പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് പ്രൊഫ. സാനു അര്‍ഹനായിട്ടുണ്ട്.