കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ടി.പിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമ.
ടി.പി വധത്തില്‍ യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്നായിരുന്നു ബല്‍റാമിന്റെ വെളിപ്പടുത്തല്‍. അങ്ങനെ ഒത്തുകളിച്ചിട്ടുണ്ടെങ്കില് ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണമെന്ന് രമ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തണം. ഒറ്റുകൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടിവരുമെന്നും രമ പറഞ്ഞു.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരുന്നു യു.ഡി.എഫ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വി.ടി ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരന് കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചന കേസ് നന്നായി അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി റിപ്പോര്‍ട്ടെന്നായിരുന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്. ഇതിന് പ്രതികരണമായാണ് അന്വേഷണമാവശ്യപ്പെട്ട് കെ.കെ രമ രംഗത്തെത്തിയത്.