കായല്‍ കയ്യേറ്റം; തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടി

0
50

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തുന്നത് അടിയന്തരമായി തടയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് തഹസീല്‍ദാര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ ഉത്തരവ് കര്‍ശനമായി പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ നിര്‍ദേശിച്ചു.

അതേസമയം, കായല്‍ കൈയേറ്റം സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൈയേറി മണ്ണിട്ട് നികത്തിയ ഭാഗങ്ങള്‍ പൂര്‍വാവസ്ഥയില്‍ ആക്കാന്‍ നിര്‍ദേശം നല്‍കിയതായി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ കേസ് വീണ്ടും പരിഗണിക്കും.

മാര്‍ത്താണ്ഡം കായലുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന കാര്യം റവന്യു വകുപ്പ് ഉറപ്പുവരുത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. 10 ദിവസത്തിനു ശേഷം കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. നികത്തിയ ഭൂമിയില്‍ ഇട്ടിട്ടുള്ള മണ്ണ് എടുത്തുമാറ്റണം എന്നതടക്കമുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനാണ് 10 ദിവസത്തിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി തോമസ് ചാണ്ടി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാനും അവസരം നല്‍കും.

ആലപ്പുഴ കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ.വിനോദ് നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കായല്‍ ഭൂമി കൈയേറിയതെന്നും ഇവിടെ കായല്‍ ഭൂമി നികത്തുന്നത് തടഞ്ഞ് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.കൈയേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വസ്ഥിതിയിലാക്കി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയവയാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികള്‍ സ്വീകരിച്ചിരുന്നു. നിലം നികത്തിയതില്‍ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം ഉള്‍പ്പെടുന്നത് അന്വേഷിക്കുന്നത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ നിയമോപദേശം തേടുകയും ചെയ്തിരുന്നു.

പരിസ്ഥിതി പ്രാധാന്യമുള്ള റംസാര്‍ മേഖലയിലാണ് മാര്‍ത്താണ്ഡം കായല്‍. സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്ന മേഖല മണ്ണിട്ടു നികത്തിയെന്നാണ് ആരോപണം. തോമസ് ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡത്ത് അഞ്ച് സെന്റ് വീതമുള്ള 64 പ്ലോട്ടുകളും ഇതിനിടയിലുള്ള ഒന്നര മീറ്റര്‍ സര്‍ക്കാര്‍ റോഡും കയ്യേറിയെന്നാണ് ആരോപണം.