കെഎഎസിനെതിരെ സമരം; സെക്രട്ടറിയേറ്റ് ഇന്നു സ്തംഭിക്കും

0
48

തിരുവനന്തപുരം: കേരള ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഇന്നു സ്തംഭിക്കും. കേരള അഡ്മിനിസ്ട്രെറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിന്നെതിരെ കേരളാ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും.

ജീവനക്കാരുടെ പണിമുടക്ക്  കാരണമാണ് സെക്രട്ടറിയേറ്റ് ഇന്നു  സ്തംഭിക്കുന്നത്. യുഡിഎഫ് അനുകൂല സംഘടനകളാണ്  സമരം ആഹ്വാനം ചെയ്തതെങ്കിലും ഇടത് സംഘടനയായ കേരളാ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും സമരത്തോട് അനുകൂല മനോഭാവമാണ് പുലര്‍ത്തുന്നത്.

അതുകൊണ്ട് സ്തംഭനാവസ്ഥ പൂര്‍ണ്ണമാകും. കേരളാ സെക്രട്ടറിയെറ്റ് ആക്ഷന്‍ കൌണ്‍സില്‍ ആണ് ഏകദിന സമരാഹ്വാനം നടത്തിയത്. കേരളാ അഡ്മിനിസ്ട്രെറ്റീവ് സര്‍വീസ് രൂപീകരണവുമായി ബന്ധപ്പെട്ട് വലത് സംഘടനകള്‍ ഏറെക്കാലമായി പ്രക്ഷോഭത്തിലാണ്.

ദിവസങ്ങള്‍ നീണ്ടുനിന്ന പെന്‍ഡൌണ്‍ സമരം തന്നെ വലത് സംഘടനകള്‍ നടത്തിയിരുന്നു. ഇതിനെതിരെ കര്‍ശന സമീപനം സ്വീകരിച്ച സമരത്തെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

പെന്‍ ഡൌണ്‍ സമരം നടത്തുകയും പ്രതിഷേധസൂചകമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്ത സെക്രട്ടറിയേറ്റ് സര്‍വീസ് ജീവനക്കാര്‍ പലരും ശിക്ഷണ നടപടികള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞിട്ടുണ്ട്.

അവരില്‍ പലരും ട്രാന്‍സ്ഫര്‍ ലഭിച്ച് സെക്രട്ടറിയേറ്റിനു വെളിയിലും ചിലര്‍ സെകഷനില്‍ തന്നെ കസേര മാറ്റവും സ്വീകരിച്ച് കഴിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് കെഎഎസ് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

”കെഎഎസിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. അതൊരു പുതിയ സംവിധാനമായി വന്നോട്ടെ. പക്ഷെ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. ഞങ്ങളുടെ തസ്തികകള്‍ പോകുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഞങ്ങളുടെ പ്രമോഷന്‍ സാധ്യതകളെ ബാധിക്കുന്നു. അതിനാണ് സമരത്തിനു ആഹ്വാനം ചെയ്തത്. കേരളാ സെക്രട്ടറിയെറ്റ് ആക്ഷന്‍ കൌണ്‍സില്‍ നേതാവ് ശ്രീകുമാര്‍ 24 കേരളയോട് പറഞ്ഞു.

ഈ കഴിഞ്ഞ ദിവസമാണ് കെഎഎസ് രൂപവതക്കരണം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. കെഎഎസിലെ 120 തസ്തികകളിലെ മൂന്നിലൊന്നില്‍ അതായത് 40 നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.

അതായത് കെഎഎസ് യാഥാര്‍ഥ്യമാവുകയാണ്. ഈ നാല്പത് നിയമനങ്ങളും കേരളാ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് എന്ന ഗ്ലാമര്‍ തസ്തികയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കും. ഡെമോക്ലസിന്റെ വാള്‍ പോലെ. അതായത് കേരളാ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്റ് പോസ്റ്റിന്റെ ഗ്ലാമര്‍ അവസാനിക്കുകയാണ്.

നേരിട്ട് ജില്ലാ കളകടര്‍മാരെ വരെ വിളിച്ച് കാര്യങ്ങള്‍ തിരക്കാനുള്ള, കേരള ഭരണത്തിന്റെ മുക്കിലും മൂലയിലും ഇടപെടാനുള്ള സെക്രട്ടറിയെറ്റ് അസിസ്റ്റന്റിന്റെ അധികാരം കെഎഎസ് വരുന്നതോടെ അവസാനിക്കുകയാണ്. ഇനി കേരളാ ഐഎഎസ് എന്നു വിളിപ്പേരുള്ള ഇവര്‍ ആയിരിക്കും സെക്രട്ടറിയേററ് ഭരണം നിയന്ത്രിക്കുക.

വളരെ ദൂരവ്യാപകമായ ചലനങ്ങള്‍ ആണ് സെക്രട്ടറിയേറ്റ് സര്‍വീസില്‍ സംഭവിക്കാന്‍ പോകുന്നത്. പുതിയ പോസ്റ്റുകള്‍ ഒന്നും സര്‍ക്കാര്‍ ക്രിയേറ്റ് ചെയ്തിട്ടില്ല. പുതിയ കേഡര്‍ ആയാണ് കെഎഎസ് വരുന്നത്. അതിനുള്ള റൂള്‍സും സര്‍ക്കാര്‍ നിര്‍മ്മിച്ചു കഴിഞ്ഞു. അത് ഇന്നത്തെ കാബിനെറ്റ്‌ അപ്രൂവ് ചെയ്തിട്ടുണ്ട്.

30 സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ളവര്‍ ആണ് കെഎഎസിലേക്ക് വരാന്‍ പോകുന്നത്. ഇതോടെ പോകുന്നത് സെക്രട്ടറിയേറ്റ് അസോസിയേഷന്‍ തസ്തികകളാണ്. ഇങ്ങിനെ തസ്തികകള്‍ പോകുന്നത് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്മാര്‍ അംഗീകരിക്കുന്നില്ല. ഇവരുടെ സര്‍വീസിന്റെ മരണമണിയാണ് മുഴങ്ങുന്നത്. ഇതാണ് സമരവുമായി മുന്നോട്ട് പോകാന്‍ സെക്രട്ടറിയേറ്റ് സംഘടനകളെ പ്രേരിപ്പിക്കുന്നത്.