ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടിക തയ്യാറായി. 282 പേരുകളുള്ള പട്ടികയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പാണ് നടന്നതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പിനാണ് പട്ടികയില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിനേക്കാള്‍ 22 പേരെ അധികം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. എംപിമാര്‍ നിര്‍ദ്ദേശിച്ച ചില പേരുകള്‍ സംസ്ഥാന നേതൃത്വം വെട്ടിയെന്ന പരാതിയും ഹൈക്കമാന്‍ഡിനു മുന്നില്‍ ഉയര്‍ന്നിട്ടുണ്ട്. യുവാക്കളെയും വനിതകളെയും അവഗണിച്ച കെ.പി.സി.സി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ നല്കുന്ന സൂചന.
പട്ടികയില്‍ 18 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. 60 വയസ് കഴിഞ്ഞ 10 പുതുമുഖങ്ങളും പട്ടികയില്‍ ഉണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 10 പേര് മാത്രമാണ് പട്ടികയിലുള്ളത്.
കെ.മുരളീധരനുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്ക്കുന്ന വക്കം പുരുഷോത്തമനും ഇടം ലഭിച്ചില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ കെ.ശങ്കരനാരായണന്, എം.എം.ജേക്കബ് തുടങ്ങിയ നേതാക്കള്‍ പുതിയ പട്ടികയിലും ഇടം നേടിയെന്നത് ശ്രദ്ധേയമാണ്.
പട്ടികയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. ഗുജറാത്തില്‍ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന രാഹുല്‍ ഇന്ന് കേരളത്തിന്റെ വിഷയങ്ങള്‍ പരിശോധിച്ചേക്കും. സോളാര്‍ വിവാദവും കേസുകളും കത്തി നില്ക്കുന്ന സമയത്ത് ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടിക ഏത് രീതിയില്‍ ദേശീയ നേതൃത്വം പരിഗണിക്കുമെന്നാണ് ഇനി അറിയേണ്ടത്.