തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ടി.പി.ചന്ദ്രശേഖരന് വധക്കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലൂടെ ഒതുക്കിയെന്ന പാര്‍ട്ടിയിലെ യുവനേതാവ് വി.ടി.ബല്‍റാമിന്റെ ഫെയ്സ് ബുക്ക്
പോസ്റ്റ് ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും വിശ്വാസ്യത തകര്‍ക്കും. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് വകുപ്പ് ഏറ്റെടുത്ത ചെന്നിത്തലയ്ക്കും കനത്ത പ്രതിച്ഛായ നഷ്ടമാണ് ബല്‍റാമിന്റെ വെളിപ്പെടുത്തലിലൂടെ സംഭവിക്കുന്നത്.
ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത് കാരണമാണ് സോളാര്‍ കേസ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ സിപിഎമ്മിന് സാധിച്ചതെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. മാത്രമല്ല, ഇനിയെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം തുറന്നടിച്ചു.
ടി.പി വധക്കേസ് ഒതുക്കിത്തീര്ത്തതാണെന്ന് നേരത്തെത്തന്നെ ആരോപണമുണ്ടായിരുന്നു. അത് സാധൂകരിക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടി നേതൃത്വത്തിലിരുന്ന, ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അതുവഴി ജനങ്ങളെ വഞ്ചിക്കുകയും ചെയ്തെന്ന് സമ്മതിക്കുകയാണ് ബല്‍റാം ചെയ്യുന്നത്. സോളാര്‍ കേസ് മൂലം ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയാണ്. ഭരണത്തിലിരുന്ന ഒരു പാര്‍ട്ടിയുടെ യുവനേതാവ്, അതും ജനങ്ങള്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയുടെ വെളിപ്പെടുത്തല്‍ ആരോപണത്തിന്റെ ഗൗരവ സ്വഭാവം വര്‍ദ്ധിപ്പിക്കുന്നു. ഒരു പാര്‍ട്ടി എന്ന നിലയില്‍ ഏറെക്കാലമായി കടുത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. ദേശീയതലത്തിലും തങ്ങളുടെ കാലുറപ്പിക്കാന്‍ പാടുപെടുകയാണ് അവര്‍. ഈ സാഹചര്യത്തില്‍ ഒരു ജനതയെ ഞെട്ടിച്ച കൊലപാതക്കക്കേസില് അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാരിന് നീതി കാണിക്കാന്‍ സാധിച്ചില്ലെന്ന് വരുമ്പോള്‍ ആ സര്‍ക്കാരും അതിന്റെ നേതാവും ഉള്‍പ്പടെ മന്ത്രിസഭയാകെ സംശയത്തിന്റെ നിഴലിലാവുകയാണ്. മാത്രമല്ല കേരളത്തിലെ തങ്ങളുടെ കടുത്ത എതിരാളികളായ സി.പി.എമ്മിനെ പ്രതിരോധത്തിലാഴ്ത്താന്‍ കിട്ടിയ ഒന്നാന്തൊരമൊരു ആയുധം ഒത്തുതീര്‍പ്പിലൂടെ കളഞ്ഞുകുളിച്ചെന്ന യുവനേതാവിന്റെ ആരോപണം സി.പി.എമ്മിനെതിരായ ആ പാര്‍ട്ടിയുടെ നിലപാടിനെപോലും സംശയത്തിലാഴ്ത്തുന്നതാണ്. ഇത് അണികളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടും.
ഭരണ-പ്രതിപക്ഷങ്ങളിലെ തലപ്പത്തിരിക്കുന്നവര്‍ തമ്മില്‍ അവിശുദ്ധമായ ബന്ധങ്ങളുണ്ടാകാറുണ്ടെന്ന്, കാലാകാലമായി നിലനില്‍ക്കുന്ന ഊഹാപോഹമാണ് വി.ടി.ബല്‍റാം സ്ഥിരീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരോടുള്ള വെറുപ്പ് വര്‍ദ്ധിപ്പിക്കാനും അവരില്‍ ബാക്കിയുള്ള വിശ്വാസവും കൂടി നഷ്ടപ്പെടുത്താനും മാത്രമെ ഇത് ഉപകരിക്കുകയുള്ളൂ.