കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിന് ഹൈക്കമ്മാന്‍ഡിന്റെ വിലക്ക്

0
58

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം ഹൈക്കമാന്‍ഡ് വിലക്കി. കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവന്നിട്ടു മാത്രം പരസ്യപ്രതികരണം നടത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

കൂടാതെ, മുതിര്‍ന്ന നേതാക്കളെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുമുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയെ പാര്‍ട്ടി ഉപാധ്യകഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്കു വിളിപ്പിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നാളെ അദ്ദേഹം പങ്കെടുക്കേണ്ട കോണ്‍ഗ്രസ് കുടുംബ സംഗമങ്ങള്‍ മാറ്റി.

കുടുംബ സംഗമങ്ങള്‍ 19 നു നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഡല്‍ഹിയിലെത്തിയ പ്രതിപകഷ നേതാവ് രമേശ് ചെന്നിത്തല എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി. എം.എം. ഹസന്‍, വി.ഡി. സതീശന്‍ എന്നിവരെയും രാഹുല്‍ വിളിപ്പിച്ചിട്ടുണ്ട്. നേതാക്കളെല്ലാം ഇന്നു വൈകിട്ടുതന്നെ ഡല്‍ഹിയിലെത്തും. നാളെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച.