ജോസെഫ് ഫ്യൂരിയര്‍ -സിഗ്‌നല്‍ പ്രോസസ്സിങ്ങിനു വഴിതെളിച്ച ആചാര്യന്‍

0
66

 

സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ ഗുണ ഭോക്താക്കള്‍ അല്ലാത്ത ആരും ഇപ്പോള്‍ ഈ ലോകത്തുണ്ടാകുമെന്നു തോന്നുന്നില്ല. മൊബൈല്‍ ഫോണുകളിലൂടെയുള്ള വാര്‍ത്താവിനിമയ വിപ്ലവം സാധ്യമാക്കിയത് സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ വളര്‍ച്ച ആണെന്ന് നിസ്സംശയം പറയാം. സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ അടിസ്ഥാന ആയുധങ്ങള്‍ ആണ് ഫ്യൂരിയര്‍ ട്രാന്‍സ്ഫോമും, അതിന്റെ അനേക വകഭേദങ്ങളും ഉപയോഗിച്ചുള്ള സിഗ്‌നലുകളുടെ രൂപാന്തരണവും അവയിലൂടെയുള്ള പ്രായോഗിക ഉപയോഗങ്ങളും. ഇവക്കെല്ലാം നാം പ്രാഥമികമായി കടപ്പെട്ടിരിക്കുന്നത് ജോസെഫ് ഫ്യൂരിയര്‍ എന്ന ഫ്രഞ്ച് ബഹുമുഖ പ്രതിഭയോടാണ്.

ഫ്രഞ്ച് വിപ്ലവം കലുഷിതമാക്കിയ കാലത്താണ് ജീന്‍ ബാപ്റ്റിസ്റ്റ് ജോസെഫ് ഫ്യൂരിയര്‍ ജീവിച്ചിരുന്നത് (Jean-Baptiste Joseph Fourier – 21 March 1768 – 16 May 1830). ഒരു തുന്നല്‍ക്കാരന്റെ മകനായി ജനിച്ച ഫ്യൂരിയര്‍ ഒന്‍പതാം വയസ്സില്‍ തന്നെ അനാഥനായി. ചില പുരോഹിതരുടെ സഹായത്തോടെ വിദ്യാഭ്യാസം വളരെ നല്ല നിലയില്‍ പൂര്‍ത്തിയാക്കിയ ഫ്യൂരിയര്‍ക്ക് ഫ്രാന്‍സിലെ സര്‍വകലാശാലകളിലോ മറ്റു വിദ്യാലയങ്ങളിലോ ജോലി കിട്ടിയില്ല. അദ്ദേഹത്തിന്റെ താഴ്ന്ന സാമൂഹ്യ നിലയായിരുന്നു തടസ്സം. അങ്ങിനെ അദ്ദേഹം പട്ടാളത്തില്‍ ഗണിതം പഠിപ്പിക്കാന്‍ പോയി. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രദേശിക നേതാക്കളില്‍ ഒരാളായി ഫ്യൂരിയര്‍ പ്രവര്‍ത്തിച്ചു. വിപ്ലവത്തിലെ ഭീതിയുടെ കാലത് (Reign of Terror ) സഹ വിപ്ലവകാരികള്‍ തന്നെ ഫ്യൂരിയരെ തടവിലാക്കി. ഭാഗ്യം കൊണ്ടാണ് ജീവനും കൊണ്ട് അദ്ദേഹം രക്ഷപെട്ടത്.

അക്കാലത്ത്, പിന്നീട് ഫ്രഞ്ച് ചക്രവര്‍ത്തിയായ നെപോളിയനുമായി ബന്ധം സ്ഥാപിക്കാന്‍ ഫ്യൂരിയര്‍ക്കായി. അദ്ദേഹത്തിന് വിപ്ലവാനന്തരം ഒരു സര്‍വകലാശാലയില്‍ അധ്യാപക ജോലിയും ലഭിച്ചു. നെപ്പോളിയന്റെ ഭരണകാലത് രാഷ്ട്രീയത്തിലും ഫ്യൂരിയര്‍ തിളങ്ങി. കുറേക്കാലം ഒരു ഫ്രഞ്ച് പ്രവിശ്യയുടെ ഗവര്‍ണര്‍ ആയി പ്രവര്‍ത്തിച്ചു. നെപ്പോളിയന്റെ ഭരണം അവസാനിച്ച ശേഷമാണ് ഫ്യൂരിയര്‍ തന്റെ ഗണിത ഗവേഷണങ്ങളിലേക്ക് തിരിഞ്ഞത്.

താപോര്‍ജ്ജത്തിന്റെയും അതിന്റെ വിതരണത്തെയും പറ്റിയുള്ള ഗണിത അന്വേഷണമാണ് ഫ്യൂരിയര്‍ പ്രധാനമായും നടത്തിയത് അദ്ദേഹത്തിന്റെ മിക്ക ശാസ്ത്ര സംഭാവനകളും ആ പഠനത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണ്. ഗണിതത്തെ എല്ലാ മേഖലകളിലും ഉപയോഗിച്ച ഫ്യൂരിയര്‍ ആണ് ‘ഗ്രീന്‍ഹവ്‌സ് എഫക്ട് (Greenhouse Effect)” എന്ന പ്രതിഭാസം ആദ്യമായി പ്രവചിച്ചത്. അക്കാലത് അംഗീകരിക്കപ്പെട്ടില്ലെങ്കിലും പില്‍ക്കാലത്തു ഫ്യൂരിയരുടെ കണക്കുകൂട്ടലുകള്‍ അക്ഷരാര്‍ഥത്തില്‍ കൃത്യമായി തെളിയിക്കപ്പെട്ടു.

ഫ്യൂരിയരുടെ മരണശേഷം അദ്ദേഹത്തിന്റെ പൂര്‍ത്തീകരിക്കാത്ത പല ഗണിത നിര്‍ധാരണങ്ങളും ജോസെഫ് ലെഗ്രാന്‍ഷെയും (Joseph-Louis Lagrange) ഫ്രാങ്കോയിസ് സ്ട്രൂമും(Jacques Charles François Sturm ) പൂര്‍ത്തീകരിച്ചു.