ടാറ്റു പ്രേമം കണ്ണിനുള്ളിലും

0
99

 

ഫാഷന്‍ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ടാറ്റു. സ്ത്രീ-പുരുഷഭേദമന്യേ ടാറ്റു പ്രേമികളാണ് ഇന്ന് ലോകമെമ്പാടുമുള്ളത്. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ അല്ലെങ്കില്‍ ശരീരം മുഴുവന്‍ ടാറ്റു ചെയ്യുന്നത് സര്‍വ്വ സാധാരണയാണ്. മുഖത്തും കണ്‍പോളകളിലും പച്ചകുത്തുന്നവര്‍ ഉണ്ട്. എന്നാല്‍ ടാറ്റു പ്രേമംമൂത്ത് കണ്ണിനകത്തു പച്ചകുത്തിയിരിക്കുകയാണ് ഡല്‍ഹി സ്വദേശിയായ കരണ്‍.

കണ്ണിനുള്ളില്‍ ടാറ്റു പതിപ്പിച്ചാല്‍ കാഴ്ചവരെ നഷ്ടപ്പെടാവുന്നതാണ്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ ഇതിനെ ഒരു പുത്തന്‍ ട്രന്‍ഡായി കാണുകയാണ് കരണ്‍. ലോക രാജ്യങ്ങളില്‍ പുതിയ ട്രന്‍ഡായി വരുന്ന ടാറ്റു രംഗത്തെ പുത്തന്‍ ആശയമാണിതെന്ന് കരണ്‍ അഭിപ്രായപ്പെടുന്നു.

നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ച് വെള്ളനിറമുള്ള ഭാഗം മറ്റൊരു നിറത്തിലേക്ക് മാറ്റുന്നതാണ് ഐബോള്‍ ടാറ്റു എന്നറിയപ്പെടുന്നത്. മരണംവരെ ഈ നിറത്തില്‍ തന്നെയായിരിക്കും നേത്രഗോളം. ഇതിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലം എന്താകുമെന്നും അറിവില്ല.

13 -ാം വയസ്സിലാണ് താന്‍ ആദ്യമായി ടാറ്റു പതിച്ചത്. പിന്നീട് അത് ഒരു ഹോബിയായി മാറി. ഇപ്പോള്‍ തന്റെ ശരീരത്തില്‍ എത്ര ടാറ്റു ഉണ്ടെന്നുപോലും അറിയില്ലെന്ന് ഈ 23 കാരന്‍ പറയുന്നു.

ദീര്‍ഘകാലത്തെ ആലോചനയ്ക്ക് ശേഷമാണ് കണ്ണിനുള്ളില്‍ പച്ചകുത്താനായി തീരുമാനം എടുക്കുന്നത്. ഇന്ത്യയില്‍ താന്‍ മാത്രമാണ് കണ്ണിനുള്ളില്‍ ടാറ്റു ചെയ്തിട്ടുള്ളു എന്നും കരണ്‍ അവകാശപ്പെടുന്നു.