തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ തിരിഞ്ഞു കുത്തിയെന്ന് തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എയായ വി.ടി.ബല്‍റാം
സോളാര്‍ ലൈംഗിക-അഴിമതി ആരോപണങ്ങളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള ഒരു ഡസന്‍ നേതാക്കള്‍ പെട്ടിരിക്കെയാണ് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന വാദവുമായി ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്.
ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത് കാരണമാണ് സോളാര്‍ കേസ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ സിപിഎമ്മിന് സാധിച്ചത്. ടിപി കേസില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം പയറ്റിയിരുന്നില്ലെങ്കില് സോളാര്‍ ഇങ്ങിനെ ഉയര്‍ന്നു വരുമായിരുന്നില്ല. ഫെയ്സ് ബുക്ക് പോസ്റ്റില്‍ ബല്‍റാം കുറിക്കുന്നു.
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടല്‍ സോളാര്‍ കേസിന് അനുബന്ധമായി ഉയര്‍ന്നു വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടിയില്ല. ടിപി വധ ഗൂഡാലോചന ഗൌരവമായി അന്വേഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിനു തെറ്റുപറ്റി. ബല്‍റാം ആരോപിക്കുന്നു.
ടിപി വധ ഗൂഡാലോചന കോണ്‍ഗ്രസ് കാര്യമായി അന്വേഷിച്ചിരുന്നെങ്കില്‍ സോളാര്‍ സിപിഎം ആയുധമാക്കുമായിരുന്നില്ല. ടിപി വധത്തില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് പയറ്റിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് വലിയ വില നല്‍കേണ്ടി വന്നു.
” കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവച്ച് ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ചു തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയാറാകണം.” ബല്‍റാം പറയുന്നു.
”കോൺഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആർഎസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ “കോൺഗ്രസ് മുക്ത കേരളം” എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് കഴിയേണ്ടതുണ്ട്.” ബല്‍റാം ചൂണ്ടിക്കാട്ടുന്നു.