ഡല്‍ഹിയിലെ പടക്ക നിരോധനത്തിനെതിരെ ബാബാ രാംദേവ്

0
50


ഡല്‍ഹി: ദീപാവലി അടുത്തിരിക്കെ ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചതിനെതിരെ ബാബാ രാംദേവ്. ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നുവെന്ന് രാംദേവ് ആരോപിച്ചു. ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്.

എല്ലാറ്റിനേയും നിയമപരമായി മാത്രം സമീപിക്കുന്നത് ശരിയാണോയെന്നും ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ മാത്രമാണ് എന്നും നിയന്ത്രണപരിധിയില്‍ വരുന്നത് തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ സ്‌കൂളുകളും കോളേജുകളും നടത്തുന്നുണ്ടെന്നും അപകടസാധ്യതയും മലിനീകരണവും കുറഞ്ഞ പടക്കങ്ങള്‍ മാത്രമാണ് ആഘോഷങ്ങള്‍ക്കായി തങ്ങള്‍ അനുവദിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വലിയ വെടിക്കോപ്പുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതെന്നും രാംദേവ് പറഞ്ഞു. പടക്ക നിരോധനത്തെ പിന്തുണച്ച ശശി തരൂരിനെയും അദ്ദേഹം വിമര്‍ശിച്ചു. തരൂരിനെ പോലെയുള്ളൊരാള്‍ ഇങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബക്രീദിന് ആടുകള്‍ മാത്രമാണ് ബലി കഴിപ്പിക്കപ്പെടുന്നത്. സ്വയം വേദനിപ്പിച്ചു കൊണ്ടുള്ള ത്യാഗമാണ് മുഹറം. എന്നാല്‍ പടക്കങ്ങള്‍ ദീപാവലി ആഘോഷിക്കുന്നവരെയും ആഘോഷിക്കാത്തവരെയും ഒരുപോലെ ബാധിക്കുമെന്നുമാണ് ശശി തരൂര്‍ പ്രതികരിച്ചത്.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നുവരെയാണ് ഡല്‍ഹിയില്‍ പടക്ക വില്‍പ്പനയ്ക്ക് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.