പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പനെതിരെ കേസ്

0
57


ചെന്നൈ: യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഇന്ത്യയുടെ പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് തങ്കവേലു മാരിയപ്പനെതിരെ കേസെടുത്തു. ലോറി ക്ലീനറായ സതീഷിന്റെ (19) മരണത്തിന് മാരിയപ്പനാണ് ഉത്തരവാദിയെന്ന് കാണിച്ച് സതീഷിന്റെ അമ്മയാണ് പരാതി നല്‍കിയത്.

സേലത്ത് റെയില്‍വെ പാളത്തിന് സമീപം കഴിഞ്ഞ ജൂണിലാണ് സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണപ്പെടുന്നതിന് ഒരു ദിവസം മുമ്പ് തങ്കവേലു മാരിയപ്പനും സുഹൃത്തുക്കളും സതീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.

മാരിയപ്പന്റെ മഹീന്ദ്ര കാറിനോട് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സതീഷ് മത്സരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാരിയപ്പനും സുഹൃത്തുക്കളും ചേര്‍ന്ന് സതീഷിനെ മര്‍ദ്ദിക്കുകയും മൊബൈല്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് സതീഷിനെ റെയില്‍വെ പാളത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സതീഷിനെ മാരിയപ്പനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയാണെന്നും പരാതിയില്‍ പറയുന്നു. തങ്കവേലു മാരിയപ്പന്‍ റിയോയില്‍ നടന്ന പാരാലിമ്പിക്‌സിലാണ് ഇന്ത്യയ്ക്കായി ഹൈജമ്പില്‍ സ്വര്‍ണമെഡല്‍ നേടിയത്.