പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ജീവനോടെ കല്ലിട്ട് മൂടി

0
65

ജയ്പുര്‍: ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ജീവനോടെ കല്ലിട്ട് മൂടി. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുഞ്ഞുമുള്ള ദമ്പതികള്‍ക്ക് ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെയാണ് കൊന്നത്. രാജസ്ഥാനിലെ ജലരപട്ടണില്‍ ആണ് സംഭവം നടന്നത്.

ലോക ബാലികാദിനത്തിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയതും. 40കാരനായ വീരംലാലിനും 35കാരിയായ സോറാം ഭായിക്കും നിലവില്‍ അഞ്ച് ആണ്‍കുഞ്ഞുങ്ങളും ഒരു പെണ്‍കുഞ്ഞുമാണുള്ളത്. ഇവര്‍ക്ക് ഏഴാമത് ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പിറന്നത് പെണ്‍കുഞ്ഞായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടുകയായിരുന്നു.

ഒക്ടോബര്‍ 5ന് സര്‍ക്കാര്‍ ആശുപത്രിയിലാണ് സോറാം ഭായി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട സോറാഭായിയും ഭര്‍ത്താവും ജലരപട്ടണിലെ ഫുഡ് കോര്‍പ്പറേഷന്‍ ഹൗസിന് സമീപം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മുകളില്‍ കല്ലിട്ടു മൂടുന്നത് പ്രദേശവാസിയായ ഒരു കുട്ടിയാണ് കാണാനിടയായത്. ആ കുട്ടി നാട്ടുകാരേയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുഞ്ഞിന്റെ മരണത്തിനിടയാക്കിയതിന് ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.