കഴിഞ്ഞ അമ്പതു വര്‍ഷമായി മുഴങ്ങി കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ലോകാവസാനം പ്രവചിക്കുമ്പോലെ പലരും പല പ്രവചനങ്ങളും നടത്തി പക്ഷെ എണ്ണ വ്യവസായം ഇപ്പോഴും ശക്തമായി തന്നെ മുന്നേറുകയാണ്. ഭൂമിയിലെ എണ്ണ നിക്ഷേപങ്ങള്‍ എപ്പോള്‍ തീരും എന്ന ചോദ്യത്തിന് ഒരേകദേശ മറുപടിയാണ് താഴെ കുറിക്കുന്നത്.
ഇരുപതു കൊല്ലം മുന്‍പ് കരുതിയിരുന്നത് 2030 ആകുമ്പോള്‍ ലോകത്തു കടുത്ത പെട്രോളിയം ക്ഷാമം വരുമെന്നാണ്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ഇപ്പോള്‍ കരുതപ്പെടുന്നത് നൂറ്റാണ്ടുകള്ക്കാവശ്യമുള്ള എണ്ണ- വാതക നിക്ഷേപം ഭൂമിയില്‍ ഉണ്ടെന്നാണ്.
അതിനുള്ള കാരണങ്ങള്‍ ഇവയാണ്
1. മുന്‍പ് അപ്രാപ്യമായി കരുതിയിരുന്ന ടാര്‍ മണലില്‍നിന്നും (tar sand ) എണ്ണ ലാഭകരമായി വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ നിലവില്‍ വന്നു തുടങ്ങി. വെനിസ്വേലയിലും കാനഡയിലും മാത്രം ട്രില്യന്‍ കണക്കിന് ടണ്‍ ടാര്‍ സാന്‍ഡ് നിക്ഷേപം ഉണ്ട്.
2. ഷെയില്‍ പാറകളില്‍ നിന്നും എണ്ണ ലാഭകരമായി വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ നിലവില്‍ വന്നു തുടങ്ങി. യൂ എസ് ഇല് വന്‍തോതില്‍ ഷെയില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി കഴിഞ്ഞു. രണ്ടുകൊല്ലത്തിനു മുന്‍പ് എണ്ണ വില ഇടിഞ്ഞതിനുള്ള കാരണവും അത് തന്നെ. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഷെയില്‍ പാറകളുടെ വന്‍ ശേഖരമുണ്ട്.
3. സമുദ്ര അടിത്തട്ടില്‍ ഉള്ള മീഥേന്‍ ഹൈഡ്രേറ്റ് നിക്ഷേപങ്ങള്‍ ഇനിയും ചൂഷണം ചെയ്യപ്പെട്ടിട്ടില്ല.
4. റഷ്യയിലെ സൈബീരിയന്‍ പ്രദേശത്തും ആര്‍ട്ടിക് പ്രദേശത്തും സാധാരണ ക്രൂഡ് എണ്ണയുടെ തന്നെ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നു കരുതപ്പെടുന്നു.
ഈ നിക്ഷേപങ്ങള്‍ എല്ലാം തന്നെ അതി ബ്രിഹത്തായതിനാല് എണ്ണയുടെ ലഭ്യതയില്‍ അടുത്ത നൂറുകൊല്ലത്തേക്ക് ഒരു കുറവും ഉണ്ടാവില്ലെന്ന് ഇപ്പോള്‍ നിസ്സംശയം പറയാം. ഒരുപക്ഷെ അനേകം നൂറ്റാണ്ടുകള്ക്കുള്ള ഇന്ധനം ഇനിയും ഭൂമിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും.