സോളാര്‍ വിവാദം: നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്

0
58

തിരുവനന്തപുരം : സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്നു ചേരും. വൈകീട്ട് മൂന്നുമണിയ്ക്കാണ് യോഗം. വേങ്ങര ഉപതെരഞ്ഞെടുപ്പാണ് പ്രധാന വിഷയമെങ്കിലും സോളാര്‍ ജുഡീഷ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികളാണ് ചര്‍ച്ചയാകുക.

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. ഇന്നലെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപത്തില്‍ പ്രസിദ്ധീകരണ ആവശ്യം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വകുപ്പു തല അവലോകനം സംബന്ധിച്ചും കാര്യമായ ചര്‍ച്ചകള്‍ ഇടതു മുന്നണി യോഗത്തില്‍ ഉണ്ടാകും. മന്ത്രി തോമസ് ചാണ്ടിക്ക് എതിരായ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ശക്തമായ രാഷ്ട്രീയമായ ആയുധമായി തീര്‍ന്ന അവസരത്തില്‍ എടുക്കുന്ന നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. കോണ്‍ഗ്രസിന്റെ ഒരു ഡസനോളം നേതാക്കള്‍ കേസില്‍ പ്രതികളാണ്. അഴിമതി മാത്രമല്ല, ലൈംഗിക അപവാദക്കേസില്‍ കൂടി നടപടി വരുന്നതിനാല്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് ഇടതുമുന്നണിയുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പു വരുത്തേണ്ട ആവശ്യം കൂടിയുണ്ട്.

അതില്‍ പ്രധാന ആരോപണമായി സരിത ഉയര്‍ത്തുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൌസില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തു എന്ന ആരോപണമാണ്. ഉമ്മന്‍ചാണ്ടി, എ.പി.അബ്ദുള്ളക്കുട്ടി, കെ.സി.വേണുഗോപാല്‍, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങി ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗികാരോപണ കേസില്‍ പ്രതികളാണ്.

ഈ കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇന്നത്തെ ഇടതു മുന്നണി യോഗം പ്രാധാന്യമര്‍ഹിക്കുന്നതാണ്.