അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: മുന്‍ വ്യോമസേനാ മേധാവി കൈക്കൂലി വാങ്ങിയെന്ന് സിബിഐ

0
47


ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി.ത്യാഗി 300 കോടി രൂപ കൈക്കൂലി വാങ്ങിയതായി സിബിഐ. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ത്യാഗിക്കെതിരായ പരാമര്‍ശം. 3,727 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ത്യാഗിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

എസ്.പി.ത്യാഗി വ്യോമസേനാ ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള തന്റെ സ്വാധീനം അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിയ്ക്ക് അനുകൂലമായി ഉപയോഗിച്ചു. ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് 2.28 കോടി കൈക്കൂലിയായി കൈപ്പറ്റിയതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചനയില്‍ അന്നത്തെ എയര്‍ മാര്‍ഷല്‍ ജെ.എസ്.ഗുജറാളിനും പങ്കുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ത്യാഗിയെ കൂടാതെ സഹോദരങ്ങളായ സന്ദീപ്, രാജീവ് എന്നിവരും ഇറ്റലിക്കാരായ ഇടനിലക്കാര്‍ ഗൈഡോ ഹാഷ്‌കെ, കാല്‍ലോസ് ഗെറോസ, ക്രിസ്ത്യന്‍ മൈക്കേല്‍ എന്നിവരും ഉള്‍പ്പെടെ 13 പ്രതികളാണുള്ളത്.

2010-ല്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്‍ഡുമായി 12 ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കരാര്‍ ലഭിക്കുന്നതിനായി 375 കോടി രൂപ നല്‍കിയെന്ന കേസില്‍ കമ്പനി അധികൃതരെ ശിക്ഷിച്ചിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന ആരോപണവുമുണ്ടായിരുന്നു.