അടക്കം പറച്ചിലുകള്‍ക്ക് പ്രതിഷേധത്തിന്റെ സ്വരം; സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊലീസിലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു

0
300

തിരുവനന്തപുരം: കേരളാ പൊലീസ് സേനയില്‍ പ്രതിഷേധത്തിന്റെ അടക്കം പറച്ചിലുകള്‍. സോളാര്‍ കമ്മിഷന്‍ തിരഞ്ഞു പിടിച്ച് ആക്രമിച്ചവരില്‍ എ.ഡിജിപി ഹേമചന്ദ്രന്‍ കൂടി ഉള്‍പ്പെട്ടതാണ് പ്രതിഷേധത്തിന്റെ അടക്കം പറച്ചിലുകള്‍ രൂക്ഷമാക്കുന്നത്.

സോളാര്‍ അഴിമതിക്കേസ് അന്വേഷിച്ചവരില്‍ ആരൊക്കെ ശിക്ഷിക്കപ്പെട്ടാലും ആ പട്ടികയില്‍ പെടേണ്ട ഉദ്യോഗസ്ഥന്‍ അല്ല ഹേമചന്ദ്രന്‍ എന്ന രൂഡമൂലമായ വിശ്വാസം നിലനില്‍ക്കുന്നതിനാലാണ് പൊലീസ് സേനയിലെ മുകള്‍ത്തട്ടിലെ പ്രതിഷേധം രൂക്ഷമാകാന്‍ കാരണം.

സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി എന്ന് പറഞ്ഞു തിരുവനന്തപുരത്തെ രണ്ട് എസ്പിമാരടക്കം ആറ് പേരെ സ്ഥലം മാറ്റി.  ജി. അജിത്, റെജി ജേക്കബ് എന്നിവരാണ് സ്ഥലം മാറ്റിയ എസ്പിമാര്‍. ഡിവൈഎസ്പിമാരായ സുദര്‍ശനന്‍, ജയ്‌സണ്‍ ജോസഫ് എന്നിവരേയും സിഐ ബി. റോയി, എസ്‌ഐ ബിജുജോണ്‍ ജേക്കബ് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇതില്‍ ജെയ്സണ്‍ ജോസഫ് ടിപിവധക്കേസ് അന്വേഷത്തില്‍ ഉള്‍പ്പെട്ട ഓഫീസര്‍ കൂടിയാണ്.

സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തെ നയിച്ച ഡിജിപി ഹേമചന്ദ്രന്‍ അടക്കമുള്ളവര്‍ കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന് സോളാര്‍ കമ്മിഷന്‍ നിഗമനങ്ങളില്‍ എത്തിയതാണ് ഡിജിപി ഹേമചന്ദ്രനും, എഡിജിപി പത്മകുമാറും അടക്കമുള്ളവര്‍ക്കെതിരെ നടപടി വന്നത്.

സോളാര്‍ കമ്മിഷന്‍ പറയുന്നത് എ.ഹേമചന്ദ്രന്‍ നേതൃത്വം നല്‍കിയ അന്വേഷണ സംഘം നിയമസഭയില്‍ മുഴങ്ങിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചില്ലാ എന്നാണ്. ഡിജിപി എ.ഹേമചന്ദ്രന്‍ സോളാര്‍ കമ്മിഷന് എഴുതി നല്‍കിയിട്ടുണ്ട്. നിയമസഭയില്‍ മുഴങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കാനല്ല തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

33 എഫ്ഐആറുകള്‍ സംബന്ധിച്ചുള്ള അന്വേഷണമാണ് തങ്ങള്‍ നടത്തിയിട്ടുള്ളത്. അതിനാണ് സര്‍ക്കാര്‍ നിര്‍ദേശം വന്നത്. ആ കേസുകള്‍ ആണ് തങ്ങള്‍ അന്വേഷിച്ചത്. പക്ഷെ ഈ വിശദീകരണം നടത്തിയിട്ടും സോളാര്‍ കമ്മിഷന്‍ പകപോക്കല്‍ നടത്തി എന്ന വിശ്വാസമാണ് പൊലീസ് ഉന്നതര്‍ക്കുള്ളത്. അതാണ്‌ പൊലീസ് തലപ്പത്ത് അമര്‍ഷം രൂക്ഷമാക്കുന്നത്.

മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്ര മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങി സോളാര്‍ കേസില്‍ ഉള്‍പ്പെട്ട വന്‍ നിരയുടെ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ചില്ലാ എന്നും അവരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നുമാണ് സോളാര്‍ അന്വേഷണ കമ്മിഷന്‍ നിഗമനത്തില്‍ എത്തിയത്. പക്ഷെ സോളാര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ ചുമതല എന്തായിരുന്നു എന്ന് നോക്കണമെന്നാണ് പൊലീസ് സേനയിലെ ഉന്നതര്‍ പ്രതികരിക്കുന്നത്.

സോളാര്‍ സാമ്പത്തിക അഴിമതിയില്‍ 33 ക്രിമിനല്‍ കേസുകളുടെ അന്വേഷണ ചുമതല മാത്രമായിരുന്നു എ.ഹേമചന്ദ്രന്‍ അടക്കമുള്ളവരെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. . ലൈംഗികാപവാദ ആരോപണങ്ങള്‍ അന്വേഷിക്കാന്‍  ഈ സംഘത്തിനു ചുമതല നല്‍കിയിരുന്നില്ല.

ഈ കേസുകള്‍ക്കപ്പുറം എന്തെങ്കിലും അന്വേഷിക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേകം ഉത്തരവ് നല്‍കേണ്ടിയിരുന്നു. അത് നല്‍കിയില്ല. മുഖ്യമന്ത്രിയും , മന്ത്രിമാരും, കേന്ദ്രമന്ത്രിമാരും, എംപിമാരും, എംഎല്‍എയും ഉള്‍പ്പെട്ട സോളാര്‍ കേസില്‍ അങ്ങിനെ ഉത്തരവ് ഇറങ്ങുമായിരുന്നില്ല.

അതുകൊണ്ട് തന്നെ എ.ഹേമചന്ദ്രന്‍ ഉള്‍പ്പെട്ട അന്വേഷണ സംഘം അത്തരം കാര്യങ്ങള്‍ അന്വേഷിച്ചുമില്ല. സോളാര്‍ അഴിമതി-ലൈംഗിക ആരോപണങ്ങള്‍ കേരളത്തെ ഞെട്ടിച്ചപ്പോള്‍ 2013 ജൂണിലാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ഡിജിപി എ.ഹേമചന്ദ്രന്‍ നയിച്ച സംഘം ആറുമാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. രണ്ടു കേസില്‍ സോളാര്‍ മുഖ്യപ്രതി സരിത എസ് നായരെ ശിക്ഷിച്ചത് ഈ കേസുകളിലാണ്.

രണ്ടു വര്‍ഷം തടവും പിഴയും സരിതയ്ക്ക് ലഭിക്കുകയും ചെയ്തു. ചില കേസുകളില്‍ ഇപ്പോഴും വിചാരണ നടക്കുകയാണ്. എ.ഹേമചന്ദ്രന്റെ സംഘം അന്വേഷിച്ച കേസിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് നടപടി വന്നത്. ജിക്കുമോന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താകുകയും ചെയ്തത് ഹേമചന്ദ്രനും സംഘവും നടത്തിയ അന്വേഷത്തിന്റെ പരിണിതഫലമാണ്.

അന്വേഷിക്കാനുള്ള വിഷയങ്ങള്‍ മാത്രമേ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയുള്ളൂ. അപ്പോള്‍ ഹേമചന്ദ്രന്റെ ഭാഗത്ത് നിന്നും വരുന്ന കുറ്റങ്ങള്‍ എന്ത് എന്നാണു പോലീസില്‍ നിന്നും മുഴങ്ങുന്ന ചോദ്യം. സോളാര്‍ കമ്മിഷനെ പ്രകോപിച്ചത്, സോളാര്‍ കമ്മിഷന്‍ ഡിജിപി ഹേമചന്ദ്രന് എതിരെ നീങ്ങാന്‍ കാരണം എ.ഹേമചന്ദ്രന്‍ അന്വേഷണ സംഘത്തലവന്‍ എന്ന നിലയില്‍ സോളാര്‍ കമ്മിഷനെ വിമര്‍ശിച്ച് കമ്മിഷന് നല്‍കിയ സത്യവാങ്മൂലം ആണെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.

ഫയര്‍ഫോഴ്സ് ഡിജിപി ആയിരിക്കെ അദ്ദേഹം കഴിഞ്ഞ ജനുവരി എട്ടിനാണ് ഹേമചന്ദ്രന്‍ സത്യവാങ്മൂലം നല്‍കുന്നത്. വസ്തുതകള്‍ മറച്ചുവെച്ചും, തെറ്റിദ്ധാരണാ ജനകമായ നടപടികളിലൂടെയും പൊലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാണിച്ചെന്നു സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇത് സോളാര്‍ കമ്മിഷനെ പ്രകോപിപ്പിച്ചു എന്നാണു പുറത്തു വരുന്ന വാര്‍ത്തകള്‍.

എന്തായാലും സോളാര്‍ കമ്മിഷന്‍ വിശദാംശങ്ങളും നടപടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ച കഴിഞ്ഞ ദിവസം തന്നെ ക്രൈംബ്രാഞ്ച് ഡിജിപി ആയിരുന്ന ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി സിഎംഡിയാക്കി സര്‍ക്കാര്‍ മാറ്റി. ഐജി മാത്രം ഇരുന്ന കെഎസ്ആര്‍ടിടിസി സിഎംഡിപോസ്റ്റിലാണ് ഡിജിപി ആയ ഹേമചന്ദ്രനെ നിയമിക്കുന്നത്. ഇത് ഒരു തരം താഴ്ത്തലാണ്. ഇതും പൊലീസില്‍ കടുത്ത അമര്‍ഷം വളര്‍ത്തിയിട്ടുണ്ട്.

എല്ലാം കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍. ഇതെല്ലാമാണ് പോലീസിലെ അസ്വസ്ഥതയ്ക്ക് കാരണം. ഈ അസ്വസ്ഥത മേല്‍ത്തട്ടിലേക്ക് വളരെ വേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇടത് സര്‍ക്കാര്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തിനു രൂപം നല്‍കിയിരിക്കെ ഈ സംഘം കേസ് അന്വേഷണം ഏറ്റെടുക്കാന്‍ മടിക്കുന്നു.

കേരളത്തിലെ മികച്ച ഓഫീസര്‍മാരുടെ സംഘം എന്നാണ് ഈ പ്രത്യേക പൊലീസ് സംഘത്തെ ഇന്നലെ ഡിജിപി ലോക്നാഥ് ബഹ്റ വിശേഷിപ്പിച്ചത്. ഡിജിപി രാജേഷ് ദിവാനും, ഐജി ദിനേന്ദ്ര കാശ്യപും അടക്കമുള്ള സംഘമാണ് സോളാര്‍ കേസിലെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച പൊലീസ് സംഘത്തിന്റെ നടപടികള്‍ അന്വേഷിക്കുന്നത്.

ഈ സംഘം ഈ ദൌത്യം ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു.ഡിജിപി രാജേഷ് ദിവാന്റെ ഭാഷ്യം ഇങ്ങിനെയാണ് എന്നറിയുന്നു. ഏപ്രിലില്‍ സര്‍വീസില്‍ നിന്നും വിരമിക്കും. അതിനുമുന്‍പ്‌ അന്വേഷണം എങ്ങും എത്തില്ല. ദിനേന്ദ്ര കാശ്യപിന്റെ നിലപാട് ഇങ്ങിനെയാണ്‌. സോളാര്‍ ആരോപണങ്ങള്‍ നടക്കുമ്പോള്‍ സിബിഐയില്‍ ഡെപ്യൂട്ടേഷനിലാണ്.

അതുകൊണ്ട് വിവാദങ്ങളെക്കുറിച്ച് അറിയില്ല. സമാന കാരണങ്ങള്‍ ലോക്നാഥ് ബഹ്റ വിശേഷിപ്പിച്ച മികച്ച ഉദ്യോഗസ്ഥര്‍ തന്നെ ഉന്നയിക്കുമ്പോള്‍ മനോഗതം വ്യക്തമാണ്. തങ്ങള്‍ക്ക് താത്പര്യമില്ല. കാരണം പിന്നീട് ഈ സംഘത്തിന്റെ അന്വേഷണ പാളിച്ചകള്‍ മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ വേറൊരു സംഘവും അന്വേഷിച്ചേക്കും.സാധ്യതകള്‍ നിലനില്‍ക്കുന്നു.

ഇനി സര്‍ക്കാര്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഉത്തരവുകള്‍ ഇവരുടെ പ്രതിഷേധം കണക്കിലെടുക്കാതെ പുറപ്പെടുവിച്ചാല്‍ ഈ സംഘം അന്വേഷണം ഏറ്റെടുത്തേക്കും. പക്ഷെ അടക്കം പറച്ചിലുകളും, അമര്‍ഷവും പൊലീസ് സേനയില്‍ ഏറി വരികയാണ്.

സോളാര്‍ കമ്മിഷന്‍ രാഷ്ട്രീയ തലത്തില്‍ മാത്രമല്ല പൊലീസിലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. രാജേഷ് ദിവാന്റെയും, ദിനേന്ദ്ര കാശ്യപിന്റെയും നിലപാടുകള്‍ ഈ അഗ്നിയെ ജ്വലിപ്പിക്കുന്നു.