ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായ ജഡ്ജി, ജോയിത മണ്ഡലിന്റെ വിജയവഴികള്‍

0
83

ജോയിത മണ്ഡല്‍, ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായ ജഡ്ജി. പശ്ചിമ ബംഗാളിലെ പരമ്പരാഗത ഹിന്ദുകുടുംബത്തില്‍ ജനിച്ച ട്രാന്‍സ് ജെന്‍ഡര്‍ ആയ ജോയിത വളരെയേറെ യാതനകളും പരിഹാസങ്ങളും സഹിച്ചാണ് ജീവിതത്തില്‍ വിജയിച്ചത്. സ്‌കൂള്‍ പഠനം ഉപേക്ഷിക്കുകയും ബസ് സ്റ്റാന്‍ഡുകളില്‍ ഉറങ്ങേണ്ടി വരികയും തെരുവ് ഭിക്ഷാടനം നടത്തുകയും ചെയ്യേണ്ടി വന്നിരുന്ന ജോയിതയുടെ കഴിഞ്ഞ കാലം ഇന്ന് പഴംകഥയാണ്.

കൂടെ പഠിക്കുന്ന ആണ്‍കുട്ടികളുടെ പരിഹാസവാക്കുകള്‍ സഹിക്കാനാകാതെ ജോയിത പത്താം ക്ലാസില്‍ പഠനം നിര്‍ത്തി നാട് വിട്ടു.

‘ സ്‌കൂള്‍ പഠനം നിര്‍ത്തുകയാണെന്ന് ഞാന്‍ വീട്ടില്‍ ആരോടും പറഞ്ഞിരുന്നില്ല. ദിന്‍ജാപൂരില്‍ ജോലി ലഭിച്ചെന്നും അവിടെ പോകുകയാണെന്നുമാണ് അമ്മയോട് പറഞ്ഞിരുന്നത്. ജോലി ഇഷ്ടമായില്ലെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ തിരിച്ചുവരുമെന്നുമാണ് പറഞ്ഞിരുന്നത് ‘ ജോയിത ഓര്‍ക്കുന്നു.

പക്ഷേ, ദിന്‍ജാപൂരില്‍ എത്തിയ ജോയിത വീട്ടിലേക്ക് തിരിച്ചു പോയില്ല. ഒരു ട്രാന്‍സ്‌ജെന്‍ഡറായി പരിപാടികളില്‍ പങ്കെടുക്കുക മാത്രമായിരുന്നില്ല ജോയിത ചെയ്തത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. കാലക്രമേണ സമൂഹത്തില്‍ വിവേചനം നേരിടുന്ന എല്ലാവര്‍ക്കും വേണ്ടി ജോയിത ശബ്ദമുയര്‍ത്താന്‍ തുടങ്ങി.

അതിനൊപ്പം ജോയിത നിയമത്തില്‍ ബിരുദം നേടി. 2010ല്‍ രാജ്യത്ത് വോട്ടര്‍ ഐഡി നേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി ജോയിത മണ്ഡല്‍.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജോയിത നോട്ടണ്‍ അലോ സൊസൈറ്റി എന്ന സംഘടന ആരംഭിച്ചു. ദിന്‍ജാപൂരില്‍ ആയിരകണക്കിനാളുകള്‍ക്ക് സഹായം നല്‍കുന്ന ആശ്വാസത്തണലായി നോട്ടണ്‍ അലോ സൊസൈറ്റി മാറി. എന്നിട്ടും ജോയിതയ്ക്ക് തല ചായ്ക്കാന്‍ ബസ് സ്റ്റാന്‍ഡുകള്‍ മാത്രമായിരുന്നു ലഭ്യം. ഒരു ഹോട്ടലും മുറികള്‍ എടുക്കാന്‍ അവരെ അനുവദിച്ചില്ല.

ജോയിത വീട്ടില്‍ നിന്ന് പുറത്ത് വന്ന് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ ജോയിത ലോക് അദാലത്ത് ജഡ്ജിയായി നിയമിതനായി. ഇന്ന് കോടതി മുറിയില്‍ നിന്നും നടക്കാവുന്ന ദൂരം മാത്രമേ താന്‍ അന്തിയുറങ്ങിയിരുന്ന ബസ് സ്റ്റാന്‍ഡിന് ഉള്ളൂ. പക്ഷേ താന്‍ ഇനിയും നടന്ന് ചെല്ലേണ്ട ദൂരങ്ങളാണ് ജോയിതയുടെ മനസില്‍.