ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കും; ഉറപ്പുകളില്‍ നിന്ന് പിന്‍മാറി ട്രംപ്

0
53
NEW YORK, NY - AUGUST 15: US President Donald Trump delivers remarks following a meeting on infrastructure at Trump Tower, August 15, 2017 in New York City. He fielded questions from reporters about his comments on the events in Charlottesville, Virginia and white supremacists. (Photo by Drew Angerer/Getty Images)

വാഷിങ്ടന്‍: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി കരാറുമായി ബന്ധപ്പെട്ടുള്ള ഉറപ്പുകളില്‍നിന്നു പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യുഎസ് നയങ്ങളിലെ സുപ്രധാനമായ വ്യതിചലനം കൂടിയാണ് ട്രംപ് ഈ പ്രഖ്യാപനത്തിലൂടെ പുറത്തു വിട്ടത്.

വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണു ആണവ കരാര്‍ സംബന്ധിച്ച തന്റെ നിലപാട് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. കരാറിന്റെ അന്തഃസത്തയ്‌ക്കൊത്ത് ഉയരാന്‍ ഇറാനായില്ല. ഏതു സമയത്തും കരാറില്‍നിന്ന് അമേരിക്ക പിന്മാറുമെന്നും ട്രംപ് പറഞ്ഞു. കരാര്‍ സംബന്ധിച്ചും മധ്യപൗരസ്ത്യ ദേശത്തെ ഇറാന്റെ ഇടപെടല്‍ സംബന്ധിച്ചും ദീര്‍ഘനാളായി പുകയുന്ന സംഘര്‍ഷം കൂടുതല്‍ മുറുകാനാണു ട്രംപിന്റെ നീക്കം വഴിവയ്ക്കുക.

അമേരിക്കയുടെ ദേശീയ താത്പര്യത്തിനു ചേരുന്നതല്ലെന്നു കാട്ടിയാണു കരാറുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകളില്‍ നിന്ന് യുഎസ് പിന്മാറുന്നത്. മുന്‍പു രണ്ടു തവണ ട്രംപ് കരാറിന് അനുകൂല സമീപനം എടുത്തിരുന്നെങ്കിലും ഇത്തവണ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. മധ്യപൗരസ്ത്യ ദേശത്തെ ഏകാധിപതികളായ ഇറാന്‍ ഭീകരരെ പിന്തുണയ്ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

കരാറില്‍നിന്നു പൂര്‍ണമായി പിന്‍വാങ്ങുന്ന സമീപനമല്ല ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. ആദ്യഘട്ടത്തില്‍ കരാറുമായി ബന്ധപ്പെട്ടു നല്‍കിയ ഉറപ്പുകളില്‍ നിന്ന് പിന്മാറുക, ഇറാനുമേല്‍ വീണ്ടും സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുക, തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തു കരാര്‍ പൂര്‍ണമായി റദ്ദാക്കുക എന്നിങ്ങനെയാണ് നടപടികള്‍. തീരുമാനമെടുക്കാന്‍ യുഎസ് കോണ്‍ഗ്രസിന് 60 ദിവസത്തെ സമയമാണ് ട്രംപ് നല്‍കിയത്.