എല്ലാ കളിയും വിജയിച്ച് ബ്രസീല്‍; ഉത്തര കൊറിയയെ വീഴ്ത്തി സ്‌പെയിനും പ്രീക്വാര്‍ട്ടറില്‍

0
46

കൊച്ചി: നൈജറിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനം പൂര്‍ത്തിയാക്കി. അണ്ടര്‍-17 ലോകകപ്പിന്റെ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിങ്കണ്‍ ബ്രസീലിനായി ആദ്യഗോള്‍ നേടി. മത്സരത്തിന്റെ നാലാം മിനിറ്റിലാണ് ലിങ്കന്‍ ലക്ഷ്യം കണ്ടത്.

കാലില്‍ കിട്ടിയ പന്ത് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലിങ്കണ്‍ വലയിലെത്തിച്ചു. പിന്നീട് 34-ാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്നൊരു ഗോള്‍ വരുന്നതിനും ബ്രസീല്‍-നൈജര്‍ മത്സരം സാക്ഷിയായി. ബ്രണ്ണെറായിരുന്നു മഞ്ഞപ്പടയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. ഗ്രൂപ്പ് ഡിയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് രാജകീയമായാണ് ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.

കൊച്ചിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഉത്തര കൊറിയയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്പെയിനും അവസാന പതിനാറിലെത്തി. നാലാം മിനിറ്റില്‍ മുഹമ്മദ് മുഖ്‌ലിസും 71-ാം മിനിറ്റില്‍ സീസര്‍ ഗില്‍ബെര്‍ട്ടുമാണ് സ്പെയ്നിനായി ലക്ഷ്യം കണ്ടത്. 84-ാം മിനിറ്റില്‍ പീക് ക്വാങ് മിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കൊറിയക്ക് തിരിച്ചടിയായി.