കണ്ണൂരില്‍ പഞ്ചായത്തംഗത്തിന്റെ വീടിനുനേര്‍ക്ക് കരി ഓയില്‍ ആക്രമണം; ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു

0
48

കണ്ണൂര്‍: കണിച്ചാര്‍ പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ കരി ഓയില്‍ ഒഴിച്ച് ആക്രമണം നടത്തുകയും ഓട്ടോറിക്ഷ തല്ലി തകര്‍ക്കുകയും ചെയ്തു. ഒമ്പതാം വാര്‍ഡ് അംഗമായ തേവര്‍പൂന്തറ ബാബുവിന്റെ വീടിനും വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് തകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. വീടിന്റെ മുന്‍ഭാഗമാകെ കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കിയിരിക്കുകയാണ്.

തനിക്ക് രാഷ്ട്രീയമായോ, വ്യക്തിപരമായോ ശത്രുക്കളാരുമില്ലെന്നും ആരാണ് ആക്രമണം നടത്തിയതെന്ന് അടിയന്തിരമായി കണ്ടെത്തണമെന്നും ബാബു ആവശ്യപ്പെട്ടു. സംഭവത്തില്‍ കേളകം, പേരാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമീപകാലത്ത് ഒരു കരിങ്കല്‍ ക്വാറിയുമായി ബന്ധപ്പെട്ടുള്ള ചില വിവാദങ്ങളുമായി ബാബുവിന്റെ പേര് ഉള്‍പ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ബാബുവിന്റെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.