കായല്‍ കയ്യേറ്റത്തില്‍ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തെറ്റുപറ്റിയെന്ന് തോമസ് ചാണ്ടി

0
53

അങ്കമാലി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടില്‍ കളക്ടര്‍ക്ക് തെറ്റുപറ്റിയെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. താഴേ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങളാണ് കളക്ടറുടെ കൈവശമുള്ളത്. താന്‍ തെറ്റുകാരനല്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ലെന്നും മന്ത്രി പറഞ്ഞു. അങ്കമാലിയില്‍ എന്‍.സി.പി നേതൃയോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ മന്ത്രിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരീച്ച് റവന്യൂ മന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തള്ളിയാണ് മന്ത്രി രംഗത്തെത്തിയത്.

അതേസമയം, കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ മന്ത്രിയെ പിന്തുണച്ച് എന്‍.സി.പി കേന്ദ്ര നേതൃത്വം രംഗത്തെത്തി. മന്ത്രിക്കെതിരായ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും എന്‍.സി.പി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ആരോപണ വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നും തീരുമാനിച്ചു.