കാര്‍മോഷ്ടാവിനെ കുടുക്കിയത് ഓണ്‍ലൈന്‍ വ്യാപാരസൈറ്റ് വഴിയുള്ള അന്വേഷണം

0
62

തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന കാര്‍മോഷണത്തിലേക്കുള്ള അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍. സെന്‍ട്രല്‍ ലോക്കിങ്ങും അലാറവുമുള്ള കാറുകളാണ് വ്യാപകമായി മോഷണം പോയത്. അലാറം ഇല്ലാതാക്കി പൂട്ട് പൊളിക്കുന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മോഷ്ടാക്കള്‍ കാറിലെ പൂട്ട് പൊളിച്ചതെന്ന് പോലീസ് മനസിലാക്കി. ഇത്തരത്തില്‍ പൂട്ട് പൊളിക്കുന്ന യന്ത്രം ഓണ്‍ലൈനില്‍ ലഭ്യമാണെന്നറിഞ്ഞ പോലീസ് ഈ യന്ത്രം വാങ്ങിയവരുടെ പട്ടിക ശേഖരിച്ചു.
ഈ പട്ടികയില്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളി സ്വദേശി ഉപകരണം വാങ്ങിയതായി കണ്ടെത്തി. പിന്നീട് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മോഷണം നടന്ന സ്ഥലങ്ങളിലെ ടവറുകളിലെല്ലാം ഈ ഫോണ്‍ എത്തിയതായി കണ്ടെത്തി.

വ്യാജ മേല്‍വിലാസത്തിലെടുത്ത ഫോണ്‍ ഉപയോഗിച്ച് മധുരയില്‍ താമസിക്കുന്ന പരമേശ്വരനാണ് യന്ത്രം വാങ്ങിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ചെന്നൈ കേന്ദ്രീകരിച്ച് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആര്‍ക്കോട്ട് നിന്നാണ് പരമേശ്വരനെ പിടികൂടിയത്. തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് മുബാരക്കും ഇയാള്‍ക്കൊപ്പം അറസ്റ്റിലായിരുന്നു.
ഓണ്‍ലൈനില്‍ വാങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണം ഉപയോഗിച്ച് കാറിന്റെ പൂട്ട് പൊളിക്കാന്‍ ഇരുപത് മിനിറ്റാണ് ഇവര്‍ എടുത്തിരുന്നത്. പരമേശ്വരന്റെ കാറില്‍ നിന്നും ഈ യന്ത്രവും നിരവധി മൊബൈലുകളും കാറിന്റെ ഗ്ലാസ് മുറിക്കുന്നതിനുള്ള യന്ത്രങ്ങളും കണ്ടെടുത്തു.