കൊടിക്കുന്നിലിന്റെ ഉപവാസവേദിയില്‍ ചാണകവെള്ളം; കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

0
56

കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ ഉപവാസവേദിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചു. സംഭവത്തില്‍ പട്ടികജാതിപീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കി.

കഴിഞ്ഞദിവസമാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ ഉപവാസവേദിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചത്. പട്ടികജാതിക്കാരനായ കൊടിക്കുന്നില്‍ സുരേഷ് എം.പി. റെയില്‍വേയുമായി ബന്ധപ്പെട്ട ആവശ്യങ്ങളുന്നയിച്ച് ഉപവാസം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ചത് ബിജെപിയില്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ദലിത് കോണ്‍ഗ്രസ് നേതാക്കളായ പാത്തല രാഘവന്‍, പെരുങ്കുളം സജിത്ത് എന്നിവരും കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുമാണ് റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയത്. പരാതി പരിശോധിച്ചശേഷം കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി എസ്.പി.യുടെ ചുമതലയുണ്ടായിരുന്ന അഡ്മിനിസ്ട്രേഷന്‍ ഡിവൈഎസ്പി സര്‍ജുപ്രസാദ് പറഞ്ഞു.

സമരത്തിനു ലഭിച്ച ജനപിന്തുണയില്‍ വിറളിപൂണ്ട ബിജെപിയാണ് ചാണകവെള്ളം തളിക്കലിനുപിന്നില്‍. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇതിലൂടെ പ്രകടമായത്. എം.പി. ഉപവാസം നടത്തിയ സ്ഥലം അശുദ്ധമായെന്ന് പ്രഖ്യാപിച്ച് ചാണകവെള്ളം തളിച്ചതിന് ബിജെപി മാപ്പുപറയണം. കുമ്മനം രാജശേഖരന്റെ പ്രസംഗവേദിയിലാണ് ചാണകവെള്ളം തളിക്കേണ്ടത്. രാജ്യത്താകെ ബിജെപി പുലര്‍ത്തുന്ന ദലിത് വിരുദ്ധ നീക്കങ്ങള്‍ കേരളത്തിലും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൊടിക്കുന്നില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് പ്രസ്താവനകളിറക്കുന്ന ബിജെപി സ്വയം അപഹാസ്യരാവുകയാണ്.

ചാണകവെള്ളം തളിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാപ്പുപറയണമെന്നും കുറ്റക്കാര്‍ക്കെതിരേ പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍, പൊടിയന്‍ വര്‍ഗീസ്, ബ്ലോക്ക് പ്രസിഡന്റ് ഒ.രാജന്‍, ബേബി പടിഞ്ഞാറ്റിന്‍കര, വെളിയം ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു.