സോള്‍; ഉത്തര കൊറിയയ്ക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍ അടുത്തയാഴ്ച സംയുക്ത നാവികാഭ്യാസം നടത്തുമെന്ന് അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ച്ചയായ ആണവ മിസൈല്‍ പരീക്ഷണങ്ങളിലൂടെ ഉത്തരകൊറിയ അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കുമെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കെ ഫലത്തില്‍ ഉത്തരകൊറിയയ്ക്കെതിരെയുള്ള ശക്തിപ്രകടനം കൂടിയാകും സംയുക്ത നാവികാഭ്യാസം.
ഒക്ടോബര്‍ 16 മുതല്‍ 26 വരെ നടക്കുന്ന നാവികാഭ്യാസത്തിനായി വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗനും മറ്റു രണ്ട് ഡിസ്ട്രോയര്‍ കപ്പലുകളുമാണ് എത്തുക. സീ ഓഫ് ജപ്പാനിലും യെലോ സീയിലും നടക്കുന്ന അഭ്യാസം ഇരുനാവിക വിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയവും പ്രവര്‍ത്തനത്തിലെ ഒത്തൊരുമയും വ്യക്തമാക്കുന്നതായിരിക്കുമെന്നും യുഎസ് നാവികസേന വ്യക്തമാക്കി.
യുഎസ്എസ് മിഷിഗന്‍ എന്ന ആണവ അന്തര്‍വാഹിനിയും ദക്ഷിണ കൊറിയയിലേക്ക് എത്തുന്നുണ്ട്. യുഎസ്എസ് ടസ്കന്‍ എന്ന അന്തര്‍വാഹിനി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം തിരികെ പോയതിനു പിന്നാലെയാണ് മിഷിഗനിന്റെ വരവ്.
അമേരിക്കയുടെ നീക്കം സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയില്‍ ഏതെങ്കിലും രീതിയില്‍ സംയുക്ത നാവികാഭ്യാസം നടത്തിയാല്‍ പ്രതികരിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുമുണ്ട്. യുഎസ് സാമ്രാജ്യത്വ ശക്തികളും ദക്ഷിണകൊറിയയിലെ ‘കളിപ്പാവകളും’ പ്രകോപനത്തിനാണു ശ്രമിക്കുന്നതെങ്കില്‍ അത് അവരുടെ തന്നെ നാശത്തിനിടയാക്കുമെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി മുന്നറിയിപ്പ് നല്കി.