ചൈനീസ് അതിര്‍ത്തി ശക്തമാക്കാന്‍ നടപടിയുമായി ഇന്ത്യ; നാലു ചുരങ്ങളെ ബന്ധിപ്പിച്ച് പാത നിര്‍മ്മിക്കും

0
51

ന്യൂഡല്‍ഹി: ദോക് ലാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യചൈനാ അതിര്‍ത്തി ശക്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കരസേനാ കമാന്‍ഡര്‍മാരുടെ യോഗം തീരുമാനിച്ചു.

അതിര്‍ത്തിയിലെ വെല്ലുവിളികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. 4000 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി പ്രദേശത്തു റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണു പ്രധാന തീരുമാനം. വികസന പ്രവര്‍ത്തികള്‍ക്കായി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനു കൂടുതല്‍ തുക അനുവദിക്കും. അതിര്‍ത്തിയിലെ പ്രധാന ഭാഗങ്ങളേയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണു റോഡുകള്‍ നിര്‍മിക്കുക.

2020 ആകുമ്പോഴേക്കും നാലു ചുരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് സ്റ്റാഫ് ഡ്യൂട്ടീസ് ലഫ്. ജനറല്‍ വിജയ് സിങ് പറഞ്ഞു. നീതി, ലിപുലേഖ്, താംഗ്‌ള ഒന്ന്, സാംഗ് ചോക്ക് ല എന്നിവയാണ് ഈ പാതകള്‍.

എപ്പോഴും തയാറായിരിക്കാന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും സദാ ജാഗരൂകരായിരിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടു. ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്നതിലുള്ള കാലതാമസത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് ഉത്കണ്ഠ രേഖപ്പെടുത്തി.

ദോക് ലായില്‍ രണ്ടു മാസത്തോളം മുഖാമുഖം പോരടിച്ച സംഘര്‍ഷത്തിനൊടുവില്‍ ഓഗസ്റ്റ് 28ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം ഗൗരവമായ തീരുമാനമെടുക്കുന്നത്.