ജി.വി.രാജ അവാര്‍ഡ് അനില്‍ഡയ്ക്കും രൂപേഷിനും

0
57

 

തിരുവനന്തപുരം: ജി.വി.രാജ സ്പോര്‍ട്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കായിക രംഗത്തെ മികവുറ്റ പ്രകടനത്തിന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന അവാര്‍ഡാണിത്. അന്താരാഷ്ട്ര അത്ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങള്‍ക്കുള്ള ജി.വി.രാജ അവാര്‍ഡ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു അവാര്‍ഡ് ഫുട്ബോള്‍ പരിശീലകന്‍ ഗബ്രിയേല്‍ ജോസഫിനാണ്.

ഫാ. പി.ടി.ജോയ് (ക്രൈസ് കോളേജ്, ഇരിങ്ങാലക്കുട)യാണ് മികച്ച കായികാധ്യാപകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കോളേജ് തലത്തില്‍ ലഭിച്ചത്. സ്‌കൂള്‍ തലത്തില്‍ എന്‍.എസ്. സിജിന്‍ (എച്ച്.എസ്. മുണ്ടൂര്‍) നേടി. അവാര്‍ഡായി അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്.

തലശ്ശേരി ബ്രണ്ണന്‍ കോളേജിന് മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ചതിനുള്ള പുരസ്‌കാരം ലഭിച്ചു. മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ പി.ജെ.ജോസിന് മികച്ച സ്പോര്‍ട്സ് ലേഖകനുള്ള പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം ജി.വി.രാജ സ്‌കൂളിനെ കുറിച്ച് തയ്യാറാക്കിയ പരമ്പരയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ സീനിയര്‍ സബ് എഡിറ്ററായ ജോസ് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് അടക്കം നിരവധി ദേശീയ, അന്തര്‍ ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുസ്തഫ അബൂബക്കര്‍ (മാധ്യമം) മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരവും മികച്ച കായിക പുസ്തകത്തിനുള്ള പുരസ്‌കാരം ജിജോ ജോര്‍ജും (വി.പി.സത്യനെക്കുറിച്ചുള്ള പുസ്തകം) സ്വന്തമാക്കി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മാധ്യമ പുരസ്‌കാരം.

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജോര്‍ജ് തോമസ്, കെ. എം.ബീനമോള്‍, പി.ജെ.ജോസഫ്, സായി ഡയറക്ടര്‍ ഡോ.ജി.കിഷോര്‍, മാധ്യമപ്രവര്‍ത്തകന്‍ എ.എന്‍.രവീന്ദ്രദാസ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സജ്ജയന്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസനും പങ്കെടുത്തു.