ജെയ് ഷാ അഴിമതി നടത്തിയിട്ടില്ല; എല്ലാ ഇടപാടുകളും സുതാര്യം: അമിത് ഷാ

0
64


ന്യൂഡല്‍ഹി: മകനായ ജെയ് ഷാ അഴിമതി നടത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്വകാര്യ ചാനലിന്‍റെ തിരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

ജയ്ഷാ അഴിമതി നടത്തിയിട്ടില്ല, സൗജന്യങ്ങളും സ്വീകരിച്ചിട്ടില്ല. എല്ലാ ഇടപാടുകളും സുതാര്യവും ബാങ്ക് വഴിയുമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

ഇതാദ്യമായാണ് ജെയ് ഷാ പ്രശ്നത്തില്‍ അമിത് ഷാ പ്രതികരിക്കുന്നത്. അമിത് ഷായുടെ മകൻ ജെയ് അമിത്‍ഭായ് ഷായുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധിച്ചുവെന്ന പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ് വയർ’ വെളിപ്പെടുത്തലാണ് വിവാദമായത്.

അമിത് ഷായുടെ മകന്റെ ഉടമസ്‌ഥതയിലുള്ള ടെംപിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതൽ കഴിഞ്ഞ വർഷം ഒക്‌ടോബർ വരെ റജിസ്‌ട്രാർ ഓഫ് കമ്പനീസിൽ (ആർഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാർത്തയ്‌ക്ക് അടിസ്‌ഥാനം.

രേഖകളനുസരിച്ച്, കാർഷികോൽപന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ൽ 6,230 രൂപയുടെയും 2014ൽ 1,724 രൂപയുടെയും നഷ്‌ടമുണ്ടായി.

2015ൽ വരുമാനം 50,000 രൂപ; ലാഭം 18,728 രൂപ. 2015–16ൽ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയർന്നു. എന്നാൽ, കഴിഞ്ഞ ഒക്‌ടോബറിൽ മുൻ വർഷങ്ങളുടെ നഷ്‌ടം കണക്കിലെടുത്തു കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു.

ഇതാണ് ‘വയര്‍’ വാര്‍ത്തയാക്കിയത്. ഈ വാര്‍ത്ത ബിജെപിയെ കുഴപ്പത്തിലാക്കിയിരുന്നു.