ടാര്‍ മണല്‍: മലിനീകരണമുണ്ടാക്കുന്ന ഒരു ഊര്‍ജ സ്രോതസ്സ്

0
75

സാധാരണ ക്രൂഡിന്റെ ഒരു വക ഭേദമായാണ് ഇപ്പോള്‍ ടാര്‍ മണലിനെ കണക്കാക്കുനന്ത്. പെട്രോളിയത്തിന്റെ വിസ്‌കോസിറ്റി കൂടിയ ഒരു വകഭേദമായ ബിറ്റുമിന്‍ മണലിനോടും കളിമണ്ണിനോടും ചേര്‍ന്ന് ഒരു ഹൈഡ്രോകാര്‍ബന്‍ – സിലിക്കേറ്റ് മിശ്രിതമായി രൂപാന്തരണം പ്രാപിച്ചിരിക്കുന്ന അവസ്ഥയേയാണ് ടാര്‍ സാന്‍ഡ് എന്ന് വിളിക്കുന്നത്. പല രാജ്യങ്ങളും ഇവയെ എക്‌സ്ട്രാ ഹെവി ക്രൂഡ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

രണ്ടു ട്രില്‍യന്‍ ബാരല്‍ സാധാരണ ക്രൂഡ് എണ്ണക്ക് തുല്യമായ ടാര്‍ സാന്‍ഡ് നിക്ഷേപം ഭൂമിയില്‍ ഉണ്ട് എന്നാണ് കണക്കുകൂട്ടപ്പെടുനനത്. ഇപ്പോള്‍ കണ്ടെത്തപ്പെട്ടിരിക്കുന്ന ടാര്‍ സാന്‍ഡ് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും കാനഡൃ, വെനീസ്വേല റഷ്യ, കസാസ്‌ക്സ്ഥാന്‍ എന്നെ രാജ്യങ്ങളിലാണ്. ഈ അടുത്ത കാലം വരെ ടാര്‍ മണലിന്റെ ലാഭകരമായ ഉപയോഗം സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് സാധ്യമായിരുന്നില്ല. പക്ഷെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ എണ്ണവിലയില്‍ വന്ന വലിയ വര്‍ധന ടാര്‍ മണലുകളുടെ സംസ്‌കരണവും അവയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനവും സാമ്പത്തികമായി ലാഭകരമാക്കി തീര്‍ത്തു. സാധാരണ ക്രൂഡ് നിക്ഷേപത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യായാണ് ഒന്നാം സ്ഥാനത്തുളളത്.

എന്നാല്‍ ക്യാനഡയിലെയും വെനീസ്വേലയിലെയും ടാര്‍ സാന്‍ഡ് നിക്ഷേപത്തിന്റെ പത്തു ശതമാനം പരിഗണിച്ചാല്‍ തന്നെ ഈ രണ്ടു രാജ്യങ്ങളും എണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യായെ കടത്തിവെട്ടും. അത്ര വലുതാണ് ടാര്‍ സാന്‍ഡ് നിക്ഷേപങ്ങള്‍ക്ക് ലോക സാമ്പത്തിക ക്രമത്തില്‍ വരുത്താന്‍ കഴിയുന്ന മാറ്റം.

ടാര്‍ മണലില്‍ നിന്നും ഉപയോഗ യോഗ്യമായ പെട്രോളിയം വേര്‍തിരിച്ചെടുക്കുന്നത് ശ്രമകരമായ ഒരു സാങ്കേതിക വിദ്യയാണ്. ഈ വേര്‍തിരിച്ചെടുക്കലിന് ധാരാളം ശുദ്ധജലവും വേണം. വേര്‍തിരിച്ചെടുക്കല്‍ വലിയ അളവില്‍ മലിനീകരണവും ഉണ്ടാക്കും. ഇതാണ് ടാര്‍ മണല്‍ നിക്ഷേപങ്ങളുടെ വന്‍ തോതിലുള്ള ഉപയോഗപ്പെടുത്തലിന് ഇപ്പോഴുള്ള തടസ്സം. പക്ഷെ നൂതനമായ രീതികളിലൂടെ മലിനീകരണത്തിന്റെ തോതുകുറച് ടാര്‍ മണലിന്റെ സംസ്‌കരണത്തിനായുളള സാങ്കേതികവിദ്യകള്‍ ഉയര്‍ന്നു വരുന്നുണ്ട് എന്നുള്ളത് പ്രത്യാശക്ക് വക നല്‍കുന്നു.