ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ ഭാരതി എയര്‍ടെല്‍ ടാറ്റ ഗ്രൂപ്പിന്റെ ടെലികോം സര്‍വീസസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു.
ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡ്, ടാറ്റ ടെലി സര്‍വീസസ് മഹാരാഷ്ട്ര ലിമിറ്റഡ് എന്നീ കമ്പനികളെയാണ് എയര്‍ടെല്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നവംബര്‍ ഒന്നോടെ ടാറ്റയുടെ നാലു കോടിയിലേറെ വരുന്ന വരിക്കാരെ എയര്‍ടെല്‍ ഏറ്റെടുക്കും.
അതോടെ ടാറ്റ ടെലി സര്‍വീസസ് സംരംഭങ്ങള്‍ എയര്‍ടെല്ലില്‍ ലയിപ്പിക്കും. കൂടാതെ ടാറ്റ ഗ്രൂപ്പിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉപയോഗിക്കാനുള്ള അവകാശവും ഭാരതി എയര്‍ടെല്ലിന് ലഭിക്കും.
അഞ്ചു വര്‍ഷത്തിനിടയില്‍ എയര്‍ടെല്‍ നടത്തുന്ന ഏഴാമത്തെ ഏറ്റെടുക്കലാണ് ഇത്. ടാറ്റ ടെലിയുടെ 31,000 കോടി രൂപയുടെ കടബാധ്യത ടാറ്റ ഗ്രൂപ്പ് തന്നെയാണ് വഹിക്കുക.എന്നാല്‍ ടെലികോം സ്പെക്ട്രത്തിന് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കാനുള്ള 9,00010,000 കോടി രൂപയില്‍ 20 ശതമാനം എയര്‍ടെല്‍ നല്‍കും.
ടെലികോം ബിസിനസ് നഷ്ടത്തിലാവുകയും വളരാനുള്ള അവസരം ഇല്ലാതാകുകയും ചെയ്തതോടെയാണ് വില്ക്കാന് ടാറ്റ തീരുമാനിച്ചത്.
എയര്‍ടെല്‍ ടെലികോം ബിസിനെസ് ഏറ്റടുക്കുന്നതോടെ വരിക്കാരുടെ എണ്ണം ഉയര്‍ത്താനും സ്പെക്ട്രം ശക്തിപ്പെടുത്താനും കഴിയുമെന്നതാണ് എയര്‍ടെല്ലിനുള്ള നേട്ടം. പൂട്ടുന്നതിനെക്കാള്‍ നല്ല നിലയില്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാമെന്നതാണ് ഇടപാടിലൂടെ ടാറ്റ ഗ്രൂപ്പിനുള്ള നേട്ടം.
2016ല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോ വന്നതോടെ ടെലികോം മത്സരം രൂക്ഷമായി. വോഡഫോണും ഐഡിയ സെല്ലുലാറും ലയിക്കുന്നത് എയര്‍ടെല്ലിനു വെല്ലുവിളിയായി. ടാറ്റ ടെലിയെ ഏറ്റെടുത്തു കഴിഞ്ഞാലും എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം 32 കോടിയേ ആകുകയുള്ളൂ.
കൂടാതെ ടെലികോം മേഖലയിലെ വെല്ലുവിളികള്‍ മറികടക്കാനും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കായും റിലയന്‍സുമായി സഹകരിക്കാന്‍ തയാറാണെന്ന് എയര്‍ടെല്‍ ചെയര്മാന് സുനില്‍ മിത്തല്‍ അറിയിച്ചിരുന്നു.