കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ആരാധകരെ സാക്ഷിയാക്കി ജര്‍മനി അണ്ടര്‍-17 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിര്‍ണായകമായ മത്സരത്തില്‍ ഗിനിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ജര്‍മനിയുടെ മുന്നേറ്റം. അതേസമയം ഗോവയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഇറാനും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് സിയില്‍ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയമറിയാതെ ഒമ്പത് പോയിന്റുമായാണ് ഇറാന്റെ മുന്നേറ്റം.
പരസ്പരധാരണയില്ലാതെ കളിച്ച ഗിനിക്കെതിരെ എട്ടാം മിനിറ്റില്‍ തന്നെ ജര്‍മനി ലീഡ് നേടി. യാന്‍ ഫിയെറ്റെയുടെ വകയായിരുന്നു ഗോള്‍. എന്നാല്‍,26-ാം മിനിറ്റില്‍ ഇബ്രാഹിമ സൗമ ജര്‍മനിയെ ഞെട്ടിച്ച് ഗിനിയെ ഒപ്പമെത്തിച്ചു. 62-ാം മിനിറ്റില്‍ നിക്കോളസ് ക്വെന്നിന്റെ ഗോളില്‍ ജര്‍മനി വീണ്ടും ലീഡ് നേടി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സാഹ്വേഡി സെറ്റിന് ജയമുറപ്പിക്കുകയും ചെയ്തു.
ഗോവയില്‍ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം നേടിയശേഷം രണ്ട് പെനാല്‍റ്റിയുടെ പിന്തുണയോടെയാണ് ഇറാന് കോസ്റ്ററീക്കയ്ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയത്. 25-ാം മിനിറ്റില്‍ മുഹമ്മദ് ഗോബെഷവിയുടെ പെനാല്‍റ്റി ഗോളിലാണ് ആദ്യം ലീഡ് നേടിയത്. നാല് മിനിറ്റിനുള്ളില്‍ താഹ ഷരിയാതി പെനാല്‍റ്റിയിലൂടെ തന്നെ ലീഡുയര്‍ത്തി. 89-ാം മിനിറ്റില്‍ മുഹമ്മദ് സര്‍ദാരി മൂന്നാം ഗോളും വലയിലായതോടെ വിജയം പൂര്‍ണമായി.