പടക്കവില്‍പന നിരോധനം: ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീംകോടതി

0
54


ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ച ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ദുഃഖമുണ്ടെന്നും പടക്കം പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് പടക്ക വില്‍പ്പന നടന്നിട്ടുണ്ടെന്നും ആഘോഷങ്ങള്‍ക്കായി ഇത് ഉപയോഗിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഇത്തവണത്തേത് പടക്കങ്ങള്‍ ഇല്ലാത്ത ദീപാവലി ആയിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Image result for firecrackers

പടക്കവില്‍പ്പന നിരോധിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ പടക്ക വില്‍പ്പനക്കാരാണ് കോടതിയെ സമീപിച്ചത്. പടക്ക വില്‍പ്പന നടത്താന്‍ അല്‍പ്പം കൂടി സമയം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിച്ച സ്റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാതെ വരുമെന്നും വ്യാപാരികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇത് ഒരു പരീക്ഷണമാണെന്നും ദീപാവലിക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.

നവംബര്‍ ഒന്ന് വരെയാണ് ഡല്‍ഹിയില്‍ പടക്ക വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിനെതിരെയും നിരോധനത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഹിന്ദുക്കളുടെ ആഘോഷത്തിന് മാത്രം എന്തിന് നിയന്ത്രണങ്ങള്‍ വരുത്തുന്നുവെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത് പ്രതികരിച്ചു. ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നുവെന്ന് യോഗ ഗുരു രാംദേവും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ നിരോധനത്തെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.