പാകിസ്ഥാന്റെ കീഴടങ്ങല്‍ -ബംഗ്ലാദേശ് വിമോചന യുദ്ധം-ഒരു ഓര്‍മ്മപ്പെടുത്തല്‍

0
107

 

 

വിഭജനത്തിനു ശേഷം രൂപം കൊണ്ട പാക്കിസ്ഥാന്‍ രണ്ടു ഭൂഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു. ഇന്നത്തെ പാകിസ്താനായ പശ്ചിമപാകിസ്താനും, ഇന്നത്തെ ബംഗ്ലാദേശ് ഉള്‍പ്പെടുന്ന കിഴക്കന്‍ പാകിസ്താനും. എല്ലാ അധികാരങ്ങളും പശ്ചിമ പാകിസ്താനായിരുന്നു. കിഴക്കന്‍ പാകിസ്താനിലെ ജനങ്ങളെ നിര്‍ദ്ദയമായിട്ടാണ് പാക്കിസ്ഥാന്‍ പട്ടാളവും പോലീസും ചേര്‍ന്ന് നേരിട്ടത്.

പൗരാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ദശ ലക്ഷകണക്കിന് ബംഗ്‌ളാദേശികളെയാണ് പാക്കിസ്ഥാന്‍ പട്ടാളവും അവരുടെ കങ്കാണിമാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശഹത്യകളിലൊന്നായിരുന്നു അത്. ഈ സാഹചര്യത്തില്‍ ദശ ലക്ഷകണക്കിന് അഭയാര്‍ത്ഥികള്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും നന്നുടെ നാട്ടിലേക്ക് പ്രവഹിച്ചു. ആ അഭയാര്‍ത്ഥി പ്രവാഹം ഭാരതത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളെ അസ്ഥിരപ്പെടുത്താന്‍ തുടങ്ങുകയും പാക് വ്യോമസേനാ ഇന്ത്യയെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യ 1971 ഡിസംബര്‍ മൂന്നിന് പാകിസ്താനോട് യുദ്ധം പ്രഖ്യാപിക്കുന്നത്.

യുദ്ധത്തിന്റെ ചരിത്രം ദീര്‍ഘമായി പ്രതിപാദിക്കുന്നില്ല. കര വ്യോമ നാവിക മേഖലകളില്‍ ദിവസങ്ങള്‍ക്കകം പാക്കിസ്ഥാന്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ഇതിനിടയില്‍ അവര്‍ നിരായുധരായ ലക്ഷകണക്കിന് ബംഗ്ലാദേശികളെ വധിക്കുകയും ചെയ്തു. പത്തു ദിവസത്തെ യുദ്ധം കഴിഞ്ഞപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ടിരുന്നു.

1971ഡിസംബര്‍ 16 ഇന് പതിമൂന്നു ദിവസത്തെ യുദ്ധത്തിന് ശേഷം പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ നിരുപാധികം ആയുധം വച്ച് കീഴടങ്ങി. ബംഗ്ലാദേശ് പാകിസ്ഥാന്റെ കിരാത ഭരണത്തില്‍നിന്നു രക്ഷപെട്ടു സ്വതന്ത്ര രാജ്യമായി.

കിഴക്കന്‍ പാകിസ്താനിലെ പാക് സൈനിക മേധാവി എ കെ നിയസി യാണ് ഇന്ത്യന്‍ ലഫ്റ്റനന്റ് ജനറല്‍ ജെ സ് അറോറാക് മുന്‍പില്‍ കീഴടങ്ങല്‍ രേഖകള്‍ ഒപ്പുവച്ചു നിരുപാധികം കീഴടങ്ങിയത്. കീഴടങ്ങല്‍ കരാറില്‍ ഒപ്പുവച്ച നിമിഷം തന്നെ നിയസി ഉള്‍പ്പെടെയുള്ള തൊണ്ണൂറായിരത്തിലധികം പാകിസ്ഥാന്‍ സൈനികര്‍ യുദ്ധത്തടവുകാരായിത്തീര്‍ന്നു.

യുദ്ധത്തടവുകാരോടുള്ള ഇന്ത്യന്‍ സമീപനം ഉദാരപരമായിരുന്നു. തൊണ്ണൂറായിരം തടവുകാരെ നല്ലവണ്ണം തീറ്റിപ്പോറ്റി അവരെ സ്വരാജ്യത്തേക്കയക്കുകയാണ് നാം ചെയ്തത്. ഒരു പക്ഷെ യുദ്ധത്തടവുകാരോട് യുദ്ധത്തില്‍ ജയിച്ച ഒരു രാജ്യം മനുഷ്യ ചരിത്രത്തില്‍ എടുത്ത ഏറ്റവും ഉദാരമായ സമീപനമായിരുന്നു അത്. പരിഷ്‌കൃതരെന്നവകാശപെടുന്ന പാശ്ചാത്യ രാജ്യങ്ങളും ജപ്പാനുമെല്ലാം രണ്ടാം ലോകമഹായുദ്ധത്തില്‍ യുദ്ധത്തടവുകാരായിപിടിച്ച അസംഖ്യം സൈനികരെ നിഷ്‌കരുണം വധിക്കുകയാണുണ്ടായത് എന്നതാണ് ചരിത്ര സത്യം.