അപകടങ്ങള്‍ നിറഞ്ഞതാണ് ബംഗളൂരുവിലെ റോഡുകള്‍. റോഡുകളിലെ കുഴികള്‍ തന്നെയാണ് കാരണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ച് പേരുടെ ജീവനാണ് റോഡപകടത്തില്‍ പൊലിഞ്ഞത്. നഗരത്തിലെ റോഡുകളില്‍ ഇത്തരത്തില്‍ 15900ല്‍ അധികം വലിയ കുഴികളുണ്ടെന്നാണ് പറയുന്നത്. ഈ ദുരന്തത്തിന് ജനങ്ങള്‍ പല പ്രതിക്ഷേധങ്ങളും നടത്തി. പുതിയ രീതിയിലുള്ള പ്രതിക്ഷേധവുമായാണ് ജനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു വന്നത്.
പ്രതിക്ഷേധം നഗരസഭയേയും സര്‍ക്കാരിനേയും പരിഹസിക്കുക എന്നതാണ്. കാമരാജ് റോഡിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടിന് സമീപത്താണ് പലരേയും ഞെട്ടിച്ചുകൊണ്ട് പ്രതിക്ഷേധത്തിന്റെ മത്സ്യകന്യക പ്രത്യക്ഷപ്പെട്ടത്.
ഈ ആശയത്തിന് പിന്നില്‍ സ്ട്രീറ്റ് ആര്‍ട്ടിസ്റ്റായ ബാദല്‍ നഞ്ചുണ്ടസ്വാമിയാണ്. റോഡുകളിലെ കുഴികളില്‍ ഇന്സ്റ്റാളേഷന് തീര്‍ത്താണ് പ്രതിഷേധം. അതിരാവിലെയായിരുന്നു ഇന്സ്റ്റാളേഷന് ഒരുക്കിയത്. അതിനാല്‍ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടായില്ല. നടി സോനു ഗൗഡയാണ് പച്ച നിറമുള്ള മത്സ്യകന്യകയായത്. കഴിഞ്ഞ വര്‍ഷവും റോഡിലെ കുഴികള്‍ക്കെതിരായ പ്രതിഷേധത്തില്‍ ഇതുപോലൊരു ഇന്സ്റ്റാളേഷന് തയ്യാറാക്കിയിരുന്നു.
രാജകുമാരിയും തവളയും എന്ന ആ ഇന്‍സ്റ്റാളേഷനില്‍ രാജകുമാരിയായതും സോനുവായിരുന്നു. ഇത്തവണ കുഴിയെ നീല വെള്ളമുള്ള കുളം പോലെയാക്കി. മത്സ്യകന്യക അതില്‍ നീന്തിത്തുടിച്ചു.
കഴിഞ്ഞ ദിവസം കഗ്ഗദാസപുര റോഡില്‍ 120ലധികം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് റോഡിന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നു. അവഗണന മൂലം റോഡ് മരിച്ചതായി ഇവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം എച്ച് എസ് ആര് ലേ ഔട്ടിലെ താമസക്കാര്‍ കുഴി പൂജ നടത്തി.
ഈ പ്രതിക്ഷേധം ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ശ്രദ്ധക്ക് വേണ്ടിയായിരുന്നു. ഏതായാലും ബംഗളൂരു റോഡുകളിലെ ജലാശയങ്ങളില്‍ ഇപ്പോള്‍ മുതലക്കുഞ്ഞുങ്ങള്‍ നീന്തിത്തുടിച്ചുകൊണ്ടിരിക്കുകയാണ്.