ബേപ്പൂരില്‍ ബോട്ട് മുങ്ങിയത് കപ്പലിടിച്ച്; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

0
49

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങിയത് കപ്പല്‍ ഇടിച്ചാണെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ബോട്ടപകടം. ബേപ്പൂരിന് പടിഞ്ഞാറ് 50 നോട്ടിക്കല്‍ മൈല്‍ അകലെയായാണ് തമിഴാനാട്ടില്‍ നിന്നുള്ള ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടത്.

അതേസമയം, അപകടത്തില്‍പ്പെട്ട് കാണാതായ നാലുപേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇവരില്‍ രണ്ടുപേര്‍ മലയാളികളും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളും ആണെന്നാണ് റിപ്പോര്‍ട്ട്.

ബോട്ടില്‍ ആകെ ആറുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപെട്ടു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷപെടുത്തിയത്. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.